

ഇന്ത്യയും യുഎഇയും തമ്മിലുള്ള തല്‍ക്ഷണ പണമിടപാടുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും. ഇരുരാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ ഡിജിറ്റല്‍ കറന്‍സികളെ (Sovereign digital currencies) തമ്മില്‍ ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പ്പത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന യുഎഇ, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം എത്തുന്ന (Remittances) രാജ്യങ്ങളില്‍ ഒന്നായതിനാല്‍ ഈ നീക്കം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ബാങ്കുകള്‍ വഴി നടത്തുന്ന സാധാരണ പണമിടപാടുകളില്‍ നിന്ന് വ്യത്യസ്തമായി, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വഴിയുള്ള ഇടപാടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും; കാരണം പണം നേരിട്ട് ഒരു വാലറ്റില്‍ നിന്ന് മറ്റൊരു വാലറ്റിലേക്കാണ് മാറുന്നത്. ചെറുകിട ഇടപാടുകള്‍ക്കും വലിയ മൂല്യമുള്ള ഇടപാടുകള്‍ക്കും ഒരുപോലെ ഈ സംവിധാനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി ഡിജിറ്റല്‍ കറന്‍സിയായ 'ഇ-രൂപ' (e-Rupee) പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു വരികയാണ്. അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ വിദേശ രാജ്യങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള സാധ്യതകളും ആര്‍ബിഐ ആരായുന്നുണ്ട്.
ബാങ്കുകള്‍ വഴിയുള്ള സാധാരണ ട്രാന്‍സ്ഫറുകള്‍ക്ക് മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുമ്പോള്‍, പുതിയ സംവിധാനത്തിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറാം. മാത്രമല്ല, നിലവില്‍ പണമയക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകളിലും വിനിമയ നിരക്കിലും വലിയ കുറവുണ്ടാകാന്‍ ഇത് സഹായിക്കും. ദുബായിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് അവിടെയുള്ള കടകളിലും മാളുകളിലും നേരിട്ട് പണമടയ്ക്കാനും സാധിക്കും.
യുഎഇയിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നത് മുന്‍പത്തേക്കാള്‍ സുരക്ഷിതവും സുതാര്യവുമാകും.
ഇന്ത്യയിലെ എന്‍പിസിഐ (NPCI International) യുഎഇ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരുരാജ്യങ്ങളിലെയും പേയ്മെന്റ് സിസ്റ്റങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ മൊബൈല്‍ നമ്പറോ യുപിഐ ഐഡിയോ ഉപയോഗിച്ച് നേരിട്ട് പണം കൈമാറാന്‍ സാധിക്കും.
ഈ വര്‍ഷം തന്നെ സേവനം പൂര്‍ണതോതില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ പ്രമുഖ ആപ്പുകള്‍ വഴി ഈ സേവനം ലഭ്യമായേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine