കെ.വൈ.സിയില്‍ വലഞ്ഞ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍, പുതിയ നിക്ഷേപങ്ങള്‍ നടത്താനാകില്ല

നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) നിബന്ധനകളിലെ അടിക്കടിയുള്ള മാറ്റത്തില്‍ വലഞ്ഞ് മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍. നിക്ഷേപകരോട് ഔദ്യോഗിക രേഖകളടക്കം ഏപ്രില്‍ ഒന്നിനകം കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനാണ് മ്യൂച്വല്‍ഫണ്ടുകള്‍ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമായും ആധാര്‍ അധിഷ്ഠിത വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെടുന്നത്. കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ ചില ഫണ്ടുകള്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിറുത്തിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്തംഭിച്ചിരിക്കുകയാണെന്നും നിരസിക്കുന്ന ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. ഫണ്ട് ഹൗസുകള്‍, നിക്ഷേപം നടക്കാത്തത് എന്തുകൊണ്ടാണെന്ന് വിതരണക്കാരോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് അവര്‍ചൂണ്ടിക്കാട്ടുന്നു.

രജിസ്‌ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ്‌ അഡൈ്വസറായ ഹിമാന്‍ഷു പാണ്ഡ്യ അടുത്തിടെ ലിങ്ക്ഡ്ഇന്നില്‍ ഇതിനെതിരെ പോസ്റ്റ് ചെയ്തത് 18-ാമത് തവണ വിജയകരമായി കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തുവെന്നാണ്. മ്യൂച്വല്‍ഫണ്ടുമായി ബന്ധപ്പെട്ടാണ് ഹിമാന്‍ഷു വീണ്ടും കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തത്.
1.3 കോടി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളാണ് കെ.വൈ.സി അപൂര്‍ണമായതിനാല്‍ ഹോള്‍ഡ് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് മ്യൂച്വല്‍ഫണ്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്താനാകില്ല. മാത്രമല്ല പുതിയ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ നടത്താനോ നിലവിലെ മ്യൂച്വല്‍ഫണ്ടുകള്‍ വിറ്റുപിന്മാറാനോ സാധിക്കില്ല.

പ്രതിസന്ധിയില്‍ വിദേശ ഇന്ത്യക്കാരും
പ്രവാസി ഇന്ത്യക്കാര്‍ (Non-Resident Indians /NRIs), ഒ.സി.ഐ (Overseas Citizens of India /OCIs) നിക്ഷേപകര്‍ എന്നിവരെയും വെട്ടിലാക്കിയിരിക്കുകയാണ് പുതിയ കെ.വൈ.സി നിബന്ധനകള്‍. പുതിയ നിക്ഷേപകരില്‍ പലര്‍ക്കും വിപണിയിലേക്ക് പ്രവേശിക്കാനാകുന്നില്ല. നിലവിലുള്ള നോണ്‍-റെസിഡന്റ് നിക്ഷേപകരെയും ഇത് ബാധിക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ കര്‍ശനമായ നിബന്ധനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.വൈ.സി അപ്‌ഡേഷനായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍ പോലുള്ളവയൊന്നും
അംഗീ
കരിക്കില്ല.
ആധാര്‍ നിയമപ്രകാരം വിദേശ മൊബൈല്‍ നമ്പറുകളുള്ള എന്‍.ആര്‍.ഐകളും ഒ.സി.ഐകളും ആധാര്‍ ലിങ്ക്ഡ് ഒ.ടി.പി വേരിഫിക്കേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
എന്‍.ആര്‍.ഐകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം
വിദേശ ഇന്ത്യക്കാരില്‍ 25 ശതമാനത്തിനും അധാര്‍ നമ്പറുണ്ട്. പക്ഷെ ഇതില്‍ 7 ശതമാനം പേര്‍ മാത്രമാണ് ഇന്ത്യന്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. ഇതാണ് ഒരു പ്രധാന പ്രശ്‌നം.
കെ.വൈ.സി രജിസ്‌ട്രേഷന്‍ സമയത്ത് പല വ്യക്തികളും ആധാര്‍ അല്ലാത്ത, ഔദ്യോഗികമായി അംഗീകാരമില്ലാത്ത രേഖകളാണ് നല്‍കിയിട്ടുള്ളത്. പലരുടേയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇലക്ട്രിസിറ്റി, ടെലഫോണ്‍ പോലുള്ള യൂട്ടിലിറ്റി ബില്ലുകള്‍ ഉപയോഗിച്ചാണ് പലരും കെ.വൈ.സി നല്‍കിയിരിക്കുന്നത്. ഇതൊന്നും ഇനി അംഗീകരിക്കില്ല. മൊത്തം 11 കോടി നിക്ഷേപകരുള്ളതില്‍ 7.9 കോടി പേരുടെയും കെ.വൈ.സി വാലിഡ് അല്ല.
ഓണ്‍ലൈനായി കെ.വൈ.സി ചെക്ക് ചെയ്യാം
നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി കെ.വൈ.സി അപ്‌ഡേറ്റാണോ എന്ന് ചെക്ക് ചെയ്യാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
1. ആദ്യം ഏതെങ്കിലും കെ.ആര്‍.എ (KYC Registration Agencies /KRA) വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഉദാഹരണമായി www.CVLKRA.com. എന്ന വെബ്‌സൈറ്റ് വഴി ചെക്ക് ചെയ്യുന്നത് നോക്കാം.
2. സൈറ്റില്‍ നല്‍കിയിട്ടുള്ള കെ.വൈ.സി എന്‍ക്വയറിയില്‍ ക്ലിക്ക് ചെയ്യുക.
3. പുതിയ വെബ് പേജ് ഓപ്പണാകും, അതില്‍ പാന്‍ വിവരങ്ങളും ക്യാപ്ച കോഡും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. പാന്‍ വിവരങ്ങള്‍ അനുസരിച്ചുള്ള കെ.വൈ.സി സ്റ്റാറ്റസ് കാണിക്കും. വാലിഡ്, രജിസ്റ്റേര്‍ഡ്, ഓണ്‍ഹോള്‍ഡ് ഇതിലേതെങ്കിലും ആകും നിങ്ങളുടെ സ്റ്റാറ്റസ്.
വാലിഡ് ആണെങ്കില്‍ നിങ്ങളുടെ കെ.വൈ.സി പൂര്‍ണമാണെന്നാണ് അര്‍ത്ഥം. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. രജിസ്റ്റേഡ് എന്നാണ് കാണിക്കുന്നതെങ്കില്‍ കെ.വൈ.സി അപൂര്‍ണമാണെന്നാണ് അര്‍ത്ഥം. എന്നാല്‍ നിലവിലെ നിക്ഷേപം തുടരുന്നതിന് പ്രശ്‌നമില്ല. പുതിയ എ.എം.സിയില്‍ നിക്ഷേപം നടത്തണമെങ്കില്‍ വീണ്ടും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. ഇനി 'ഓണ്‍ ഹോള്‍ഡ്' എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നതെങ്കില്‍ വീണ്ടും കെ.വൈ.സി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അത് വരെ നിങ്ങള്‍ക്ക് ഇടപാടുകള്‍ ഒന്നും നടത്താനാകില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it