ഐഫോണ്‍ 14 ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഒരേപോലെ കയറ്റി അയയ്‌ക്കാന്‍ ആപ്പിള്‍
ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് iPhone 14 ഇന്ത്യയിലും ചൈനയിലും ഒരേപോലെ നിര്‍മിക്കുമെന്ന് റിപ്പോർട്ട് . ഈ വര്‍ഷം സെപ്റ്റംബറിലാണ് ഐഫോണ്‍ 14 സീരീസ് എത്തുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് വിതരണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പളിന്റെ തീരുമാനം.
തായ്‌വാനില്‍ നിര്‍മിക്കുന്ന ഭാഗങ്ങളില്‍ മെയ്ഡ് ഇന്‍ തായ്‌വാന്‍, ചൈന അല്ലെങ്കില്‍ ചൈനീസ് തായ്‌പേയ് എന്ന ലേബല്‍ വെയ്ക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കൂടാതെ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയും കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
നേരത്തെ ഐഫോണ്‍ 13 യുഎസില്‍ പുറത്തിറക്കിയപ്പോള്‍ തന്നെ ഇന്ത്യയിലും വില്‍പ്പന ആരംഭിച്ചിരുന്നു. തായ്‌വാന്‍ കമ്പനി ഫോക്‌സോണിന്റെ ചെന്നൈ പ്ലാന്റിലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. 2017ല്‍ ആണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നത്.
ഫോക്‌സ്‌കോണ്‍ ഇപ്പോള്‍ ചെന്നൈയിലെ യൂണീറ്റില്‍ നിര്‍മിക്കുന്നത് ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 തുടങ്ങിയ മോഡലുകളാണ്. നിലവില്‍ ചെന്നൈ യൂണീറ്റിന്റെ ഉല്‍പ്പാദന ശേഷി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഫോക്‌സ്‌കോണ്‍. iPhone 14, iPhone Max, iPhone 14 Pro Max എന്നിങ്ങനെ മൂന്ന് മോഡലുകളാവും ആപ്പിള്‍ അടുത്തമാസം പുറത്തിറക്കുക എന്നാണ് വിവരം.