IPL സംപ്രേഷണാവകാശം; വരുന്നത് ഇന്ത്യന്‍ ഒടിടി രംഗത്തെ റിലയന്‍സ്-വിയാകോം ആധിപത്യമോ ?
2023-27 കാലയളവിലേക്കുള്ള ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ സംപ്രേണാവകാശം റിലയന്‍സ് നേതൃത്വം നല്‍കുന്ന വിയാകോം സ്പോര്‍ട്സ് 18ന് ആണ്. ഇന്ത്യന്‍ ഉപഭൂകണ്ഡത്തിലെ ഡിജിറ്റല്‍ അവകാശങ്ങള്‍ മാത്രമുള്ള പായ്ക്കേജ് ബിയും ഫൈനല്‍ ഉള്‍പ്പടെയുള്ള 18 മാച്ചുകള്‍ക്കുള്ള പായ്ക്കേജ് സി അവകാശവും ആണ് വിയാകോം നേടിയത്. ടിവി സംപ്രേഷണാവകാശം മാത്രമാണ് ഡിസ്നി സ്റ്റാറിന് നിലനിര്‍ത്താനായത്.
ഐപിഎല്‍ ഡിജിറ്റല്‍ റൈറ്റ്‌സ് വിയാകോം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ഒടിടി രംഗത്ത് ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ ഭാവി എന്തായിരിക്കും എന്നാണ് പ്രധാന ചര്‍ച്ച. ഡിസ്‌നിക്ക് ആഗോളതലത്തിലുള്ള 138 മില്യണ്‍ വരിക്കാരില്‍ 36 ശതമാനവും ഹോട്ട്‌സ്റ്റാറില്‍ നിന്നാണ്. ഹോട്ട്‌സ്റ്റാറിന്റെ വളര്‍ച്ചയില്‍ ഐപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാച്ചുകളും വഹിച്ച പങ്ക് വളരെ വലുതാണ്. 2021ലെ കണക്ക് അനുസരിച്ച് 83 മില്യണ്‍ വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോം ആണ് ഹോട്ട്‌സ്റ്റാർ
ഇതു മനസിലാക്കി തന്നെയാണ് വിയാകോം 20,500 കോടി രൂപയ്ക്ക് ഐപിഎല്‍ ഡിജിറ്റല്‍ അവകാശം നേടിയത്. ഒരു മില്യണോളം മാത്രം പെയ്ഡ് വരിക്കാരുള്ള വൂട്ട് ആണ് വിയാകോമിന് കീഴിലുള്ള ഒടിടി പ്ലാറ്റ്‌ഫോം. ഐപിഎല്‍ സ്ട്രീം ചെയ്യുന്നതോടെ വൂട്ടിന്റെ വരിക്കാര്‍ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ ഐപിഎല്ലിലൂടെ ലഭിക്കുന്ന പ്രചാരം രാജ്യത്തെ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമായി ഉയരാന്‍ വൂട്ടിനെ സഹായിക്കും. നേരെത്തെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ രാജ്യത്തെ സംപ്രേഷണാവകാശം 450 കോടി രൂപയ്ക്ക് വിയാകോം സ്വന്തമാക്കിയിരുന്നു. സ്‌പോര്‍ട്‌സ് 18 ചാനലിലൂടെയും വൂട്ടിലൂടെയും ആണ് ഖത്തര്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുക.
ഒരു വര്‍ഷത്തേക്ക് 299 രൂപയെന്ന വളരെ ചെറിയ തുകയ്ക്കാണ് വൂട്ട് നിലവില്‍ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. ഐപിഎല്ലും ഫുട്‌ബോള്‍ ലോകകപ്പും എത്തുന്നതോടെ വൂട്ടിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഉയര്‍ത്താനും വിയാകോമിന് സാധിക്കും. ഡീലി്‌ന്റെ ഭാഗമായി ജിയോ സിനിമയെ റിലയന്‍സ് കഴിഞ്ഞ ഏപ്രിലില്‍ വിയാകോമിന് കീഴിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ ജിയോയുടെ 400 മില്യണോളം വരുന്ന വരിക്കാരെ പ്രത്യേക സ്ബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ കമ്പനിക്ക് വൂട്ടിലേക്ക് എത്തിക്കാം.