
തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ ഐ.ആര്‍.സി.ടി.സി. ഈ മാസം അവസാനം പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് സൂചന. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും ഇതുവഴി യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
യാത്രക്കാരുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നതിന് ആധാര്‍ വേരിഫിക്കേഷന്‍ നടപ്പാക്കാന്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന് (CRIS) ചുമതല നല്‍കി മേയ് 27ന് റെയില്‍ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അധിഷ്ഠിത ഒ.ടി.പി. നല്‍കുന്ന രീതിയായിരിക്കും അവതരിപ്പിക്കുക. കൗണ്ടര്‍ വഴിയുള്ള തല്‍ക്കാല്‍ ടിക്കറ്റുകള്‍ എടുക്കുന്നതിനും ആധാര്‍ വേരിഫിക്കേഷന്‍ ആവശ്യമാണ്.
ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതേക്കുറിച്ച് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വേരിഫിക്കേഷന്‍ ഉടന്‍ നടപ്പാക്കുമെന്നും ഇതുവഴി യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് കണ്‍ഫേം ടിക്കറ്റുകള്‍ നേടാനാകുമെന്നുമായിരുന്നു മന്ത്രിയുടെ കുറിപ്പ്.
അവസാന നിമിഷം യാത്ര ചെയ്യേണ്ടവരെ ഉദ്ദേശിച്ചുള്ള തത്കാല്‍ ടിക്കറ്റുകള്‍ പലപ്പോഴും ഏജന്റുമാര്‍ അന്യായമായി ബുക്ക് ചെയ്യുകയും പൂഴ്ത്തിവയ്ക്കുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കി ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ച് ഉറപ്പിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ചെയ്യുന്നത്.
റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് 130 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിനുള്ളത്. ഇതില്‍ 12 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണ് ആധാര്‍ വെരിഫൈഡ് ആയിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine