ഏറ്റവും നിക്ഷേപം ആകര്‍ഷിക്കുന്ന ലോഹം സ്വര്‍ണമാണെങ്കിലും 2023 ല്‍ വില വര്‍ധനയില്‍ മുന്നില്‍ പ്ലാറ്റിനമാണ്. ലോഹ വ്യാപാര സ്ഥാപനമായ കിറ്റ് കോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു മാസത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ വില 0.73 ശതമാനം വര്‍ധിച്ചപ്പോള്‍ പ്ലാറ്റിനം വില 12.53 ശതമാനമാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയില്‍ 8.73 ശതമാനം വര്‍ധനയുണ്ടായി. ഈ ആഴ്ച്ച പ്ലാറ്റിനം വില ഔണ്‍സിന് 1100 ഡോളറിന്(90244.93 രൂപ) അടുത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 960 ഡോളറാ(78759.21 രൂപ)യിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ പത്തു ദിവസത്തില്‍ പ്ലാറ്റിനം വില 8.82 ശതമാനം വര്‍ധിച്ച് ഗ്രാമിന് 2874 രൂപയായി.
ലഭ്യത കുറഞ്ഞേക്കാം
വേള്‍ഡ് പ്ലാറ്റിനം ഇന്‍വെസ്റ്റ്‌മെന്റ്റ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ ആവശ്യകതയേക്കാള്‍ 21.99 ടണ്‍ അധികം ലഭ്യത ഉണ്ടായിരുന്നു. എന്നാല്‍ 2023 ല്‍ ആവശ്യകതെയെക്കാള്‍ 15.76 ടണ്‍ കുറയുമെന്നാണ് വിലയിരുത്തല്‍.
വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനായി ഉപയോഗിക്കുന്ന കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍
നിര്‍മാണത്തിനാണ് പ്ലാറ്റിനം പ്രധാനമായും ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് വാഹന വിപണി ഇടിഞ്ഞത് മൂലം പ്ലാറ്റിനം ഡിമാന്‍ഡ് കുറഞ്ഞിരുന്നു. എന്നാല്‍ 2022 ല്‍ പ്ലാറ്റിനം കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറങ്ങിയത് പ്ലാറ്റിനം ഡിമാന്‍ഡ്
വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ വാഹനങ്ങളില്‍ മറ്റൊരു അമൂല്യ ലോഹമായ പല്ലേഡിയത്തിന് പകരമായി പ്ലാറ്റിനം കൂടുതല്‍ ഉപയോഗിക്കുന്നതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.
വില ഉയരുമെന്ന് പ്രതീക്ഷ
പ്രധാന പ്ലാറ്റിനം ഉത്പാദക രാജ്യമായ ദക്ഷിണ ആഫ്രിക്കയില്‍ തുടര്‍ച്ചയായ വൈദ്യുതി തടസമുണ്ടാകുന്നത് പ്ലാറ്റിനം ഖനനത്തെ ബാധിക്കുന്നുണ്ട്. 2022 ല്‍ ഖനനം 11 ശതമാനം കുറഞ്ഞ് 157.2 ടണ്ണായി. റീസൈക്ലിങ് 17 ശതമാനം കുറഞ്ഞ് 47.68 ടണ്ണിലെത്തി.
ആഭരണ നിര്‍മാണത്തിനുള്ള പ്ലാറ്റിനം ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനം കുറഞ്ഞു. വ്യവസായ ഡിമാന്‍ഡ് 11 ശതമാനവും. ഇ.ടി.എഫ് നിക്ഷേപങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ല്‍ ഖനനം കുറയാനും വ്യവസായിക ഡിമാന്‍ഡ് ഉയരാനുമുള്ള സാധ്യതയുള്ളതിനാല്‍ പ്ലാറ്റിനം വില ഔണ്‍സിന് 1200 ഡോളര്‍(98449.02 രൂപ) വരെ ഉയരുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
Investing is subject to market risk. Do your own research or consult a financial advisor before investing.