ഇസ്രായേല്‍ യുദ്ധ ഭൂമിയിലെ പോലീസുകാര്‍ അണിയുന്നത് കണ്ണൂരിലെ ഈ സംരംഭം നിര്‍മിച്ച യൂണിഫോം

ഇസ്രായേല്‍ യുദ്ധ ഭൂമിയില്‍ പടക്കോപ്പുകളുമായി ഓടുന്ന പോലീസുകാരെ ടിവിയില്‍ കാണുമ്പോള്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ പല വീടുകളിലെയും വനിതകള്‍ ഒരു നിമിഷം ഒന്നു നോക്കും, അവര്‍ സുരക്ഷിതരായിരിക്കട്ടെ എന്ന് മനസ്സിലോര്‍ക്കും. കാരണം, അവരില്‍ പലരും പല ദിവസങ്ങളിലായി തുന്നിച്ചേർത്ത് നല്‍കിയ യൂണിഫോമുകൾ അണിഞ്ഞാണ് യുദ്ധമുഖത്ത് ഇസ്രായേല്‍ പോലീസ് പൊരുതി നില്‍ക്കുന്നത്. ഇസ്രായേല്‍ പോലീസുകാര്‍ക്ക് മാത്രമല്ല, പല വിദേശ രാജ്യങ്ങളിലെയും തന്ത്ര പ്രധാന വിഭാഗങ്ങളിലേക്കുള്ള യൂണിഫോമുകള്‍ നിര്‍മിക്കുന്നത് ഈ കമ്പനിയാണ്, മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ്.

Also Read : ഇസ്രായേല്‍ യുദ്ധത്തിനിടെ കത്തിക്കയറി സ്വര്‍ണം; കേരളത്തില്‍ പവന് ഒറ്റയടിക്ക് ഇത്രയും വിലവര്‍ധന ഏറെക്കാലത്തിന് ശേഷം ആദ്യം

ഇസ്രായേല്‍ പോലീസിന് 2012മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ് എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി മുംബൈ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നതെങ്കിലും 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.

''ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ 95 ശതമാനം ജീവനക്കാരും വനിതകളാണെന്നതും മറ്റൊരു പ്രതേകതയാണ്. കുടുംബ ബിസിനസായതിനാല്‍ തന്നെ ജീവനക്കാരോടും കുടുംബം പോലെയാണ് കമ്പനി അധികൃതര്‍ പെരുമാറുന്നത്. അത് കൊണ്ട് മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്.'' ഫാക്റ്ററി മാനേജര്‍ സിജിന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍. പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നതെങ്കിലും ലോകോത്തര നിലവാരം ഉറപ്പാക്കുന്നതിലൂടെ മികച്ച ഉപഭോക്താക്കളെ സമ്പാദിക്കാനും മരിയന്‍ അപ്പാരലിന് കഴിയുന്നു. 1000 ജീവനക്കാരെ കൂടി നിയമിച്ച് മലയാളികൾക്ക് തൊഴിൽ നൽകി ലോകമെമ്പാടും സാന്നിധ്യമുറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഈ മലയാളി കമ്പനി.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it