'വീട്ടിലിരിപ്പ്' വേണ്ട, ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്പനികള്‍

കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വീട്ടിലിരുന്നു ജോലി ചെയ്യല്‍ (remote work policy) നയത്തില്‍ മാറ്റം വരുത്തി ഐ.ടി കമ്പനികള്‍. രാജ്യത്തെ ഐ.ടി സേവന കമ്പനികളില്‍ രണ്ടാമനായ ഇന്‍ഫോസിസ് താഴേക്കിടയിലും-മധ്യ നിരയിലുമുള്ള ജീവനക്കാരോട് മാസത്തില്‍ 10 ദിവസം ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയച്ചു.

കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ മുഴുവന്‍ സമയം വീട്ടിലിരുന്നു ജോലി ചെയ്തു വരുന്ന ജീവനക്കാരാണിത്. അതേ സമയം മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം തുടര്‍ന്നും അനുവദിക്കുന്നുണ്ട്. നവംബര്‍ 20 മുതല്‍ കുറഞ്ഞത് 10 ദിവസം ഓഫീസില്‍ എത്തണമെന്നാണ് ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറഞ്ഞിരിക്കുന്നത്.
മറ്റൊരു ഐ.ടി സേവന കമ്പനിയായ വിപ്രോ നവംബര്‍ 15 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്ന്. ഐ.ടി കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിസര്‍വീസസ് (TCS) ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇന്‍ഫോസിസും വിപ്രോയും നയം മാറ്റവുമായി രംഗത്തെത്തിയത്.
ജീവനക്കാര്‍ക്ക് പാതി മനസ്
ഐ.ടി സെക്ടര്‍ മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ജീവനക്കാരെ തിരികെ കൊണ്ടു വരാന്‍ ആലോചിക്കുന്നത്. ജീവനക്കാര്‍ക്കിടയില്‍ ടീം വര്‍ക്കും ഉപയോക്താക്കളോടുള്ള ആത്മാര്‍ത്ഥയും വളര്‍ത്തുന്നതിന് ഓഫീസിലിരുന്നുള്ള ജോലി സഹായിക്കുമെന്ന് കമ്പനികള്‍ വിലയിരുത്തുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടിലിരുന്നു തൊഴിലെടുത്തുവരുന്ന ജീവനക്കാരില്‍ പലരും തിരിച്ച് ഓഫീസിലേക്ക് എത്തുന്നതില്‍ വൈമനസ്യം കാണിക്കുന്നുണ്ട്.
രാജ്യത്തിന്റെ വികസനത്തിനായി യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ വിവാദ പ്രസ്താവയ്ക്ക് പിന്നാലെയാണ് വീട്ടിലിരുന്നു ജോലി ചെയ്യുന്ന റിമോട്ട് വര്‍ക്ക് പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ആമസോണ്‍ ഡോട്ട് കോം, ആല്‍ഫബെറ്റ് തുടങ്ങിയ ആഗോള ഐ.ടി വമ്പന്‍മാരും ജീവനക്കാരോട് ആഴ്ചയില്‍ കുറച്ചു ദിവസങ്ങള്‍ ഓഫീസിലെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it