ഐ ടി തൊഴിൽ തേടുന്നവർക്കായി ഒരു പോർട്ടൽ!

പദ്ധതി വൻ വിജയമെന്ന് ഐ ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി.
ഐ ടി തൊഴിൽ തേടുന്നവർക്കായി ഒരു പോർട്ടൽ!
Published on

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിദ്ധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ ഒന്നാം വർഷത്തിലേക്ക്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കണക്കുകൾ വച്ചു നോക്കുമ്പോൾ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 410 ഐടി കമ്പനികള്‍ ഇപ്പോള്‍ jobs.prathidhwani.org എന്ന പോര്‍ട്ടല്‍ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കമ്പനികളിലെ തൊഴിലവസരങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. ജീവനക്കാരുടെ റഫറന്‍സ് വഴിയാണിത്.

ഇതുവരെ രജിസ്റ്റർ ചെയ്ത പ്രൊഫൈലുകൾ!

ഇതുവരെ 9,630 പ്രൊഫൈലുകള്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 14360 തൊഴിലുകള്‍ ജോബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തു. 35600 പേര്‍ ഇതുവരെ പോര്‍ട്ടല്‍ വഴി ജോലി തേടിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്, യുഎസ്ടി, അലയന്‍സ്, ഇവൈ, എക്‌സ്പീരിയോണ്‍, ക്യുബസ്റ്റ്, ഫിന്‍ജെന്റ് തുടങ്ങിയ കമ്പനികളിലും നിരവധി സ്റ്റാര്‍ട്ടപ്പുകളലും തൊഴില്‍ കണ്ടെത്താന്‍ ഈ പോര്‍ട്ടല്‍ സഹായിക്കും.

സേവനം സൗജന്യം

കോവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേര്‍ക്കാണ് മികച്ച അവസരങ്ങള്‍ ഇതുവഴി ലഭിച്ചത്. പോര്‍ട്ടലിലെത്തുന്ന വിവരങ്ങള്‍ അതേ സമയം തന്നെ പ്രതിധ്വനിയുടെ വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി ഏകദേശം 14,500 പേരിലേക്ക് നേരിട്ട് എത്തും. പോസ്റ്റ് ചെയ്യുന്ന ജോലി ഒഴിവുകള്‍ വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പരസ്യപ്പെടുത്തുന്നത്. ഐടി ജോലികള്‍ തേടുന്നവര്‍ക്കും ഐടി കമ്പനികള്‍ക്കും പൂര്‍ണമായും സൗജന്യമാണ് ഈ പോര്‍ട്ടലിലെ സേവനം. നിരവധി കമ്പനികള്‍ക്ക് നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജോബ് പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്തവരുടെ പ്രൊഫൈലുകള്‍ കൈമാറുന്നു. ഇവയില്‍ നിന്ന് കമ്പനികള്‍ക്ക് ആവശ്യമായി ജീവനക്കാരെ കണ്ടെത്താം.

ഫ്രെഷേഴ്‌സിന് ട്രെയ്‌നിങ്ങും

പഠനം കഴിഞ്ഞിറങ്ങി പുതുതായി ജോലി തേടുന്ന ഫ്രഷേഴ്‌സിന് മാത്രമായി ഒരു സവിശേഷ പദ്ധതിയും ഈ ജോബ് പോര്‍ട്ടല്‍ വഴി പ്രതിധ്വനി ഒരുക്കിയിട്ടുണ്ട്. കമ്പനികള്‍ ആവശ്യപ്പെടുന്ന ടെക്‌നോളജിയില്‍ പരിശീലനം നല്‍കി ഫ്രഷേഴ്‌സിന് മികച്ച തൊഴില്‍ കണ്ടെത്താന്‍ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ഫ്രഷേഴ്‌സിനെ ആദ്യഘട്ട ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ കണ്ടെത്തി ഇവരുടെ പട്ടിക നേരിട്ട് കമ്പനികള്‍ക്ക് നല്‍കി വരുന്നുണ്ടെന്ന് ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആര്‍ പറഞ്ഞു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രതിധ്വനി ഓരോ മാസവും സംഘടിപ്പിക്കുന്ന വിവിധ ടെക്‌നോളജി വര്‍ക്ക്‌ഷോപ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കും. അതാതു മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് തീര്‍ത്തും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ ട്രെയിനിങ്ങുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉപകാരപ്രദമാണ്. ഇതുവരെ വിവിധ ടെക്‌നോളജികളില്‍ 90 ട്രെയിനിങ്ങുകള്‍ പ്രതിധ്വനി സംഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ ട്രൈനിങ്ങില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും റനീഷ് അറിയിച്ചു.

കമ്പനികൾക്ക് എങ്ങനെ ഉപയോഗപ്പെടും?

കമ്പനികൾ നേരിട്ട് ആവശ്യപ്പെടുമ്പോള്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ നിന്നും അവര്‍ക്കാവശ്യമുള്ള ടെക്‌നോളജി പ്രൊഫൈലുകള്‍ ഫില്‍റ്റര്‍ ചെയ്തു കൊടുക്കാറുണ്ട്. അതുപോലെ ഫ്രഷേഴ്‌സ് പ്രൊഫൈലുകളും കമ്പനികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചു സ്‌കില്‍സെറ്റ് അനുസരിച്ചു വേര്‍തിരിച്ചു കൊടുക്കും. ജോബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കമ്പനി മേധാവികള്‍ക്കും പോര്‍ട്ടലിന്റെ ഉപയോഗം തീര്‍ത്തും സൗജന്യമാണ്. മറ്റു പോര്‍ട്ടലുകളെ അപേക്ഷിച്ചു പ്രാദേശികമായ ഈ പോര്‍ട്ടല്‍ കേരളത്തിലെ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിന് കമ്പനികള്‍ക്കു സഹായകമാകുന്നു.

തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

ഈ ജോബ് പോര്‍ട്ടലിലേക്കു തൊഴില്‍ അവസരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് മൂന്ന് രീതിയിലാണ്. കമ്പനി എച്ച് ആര്‍ മാനേജര്‍മാര്‍ക്ക് ഈ പോര്‍ട്ടലില്‍ നേരിട്ട് അവസരങ്ങള്‍ പോസ്റ്റ് ചെയ്യാം. പ്രതിധ്വനി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ പരിശോധിച്ച് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യുന്നു. എംപ്ലോയീ റഫറല്‍ അവസരങ്ങളാണ് മറ്റൊരു സവിശേഷത. തങ്ങളുടെ കമ്പനിയില്‍ വരുന്ന തൊഴില്‍ അവസരങ്ങള്‍ അവിടെ ജോലി ചെയ്യുന്ന ആര്‍ക്കു വേണമെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാം. റഫര്‍ ചെയ്യുന്ന ആര്‍ക്കെങ്കിലും ജോലി ലഭിക്കുകയാണെങ്കില്‍ റഫര്‍ ചെയ്ത ജീവനക്കാര്‍ക്ക് കമ്പനികള്‍ റഫറല്‍ ബോണസ് നല്‍കാറുണ്ട്.

ആദ്യമായിട്ടാണ് ഒരു തൊഴില്‍ പോര്‍ട്ടലില്‍ ഇത്തരം എംപ്ലോയീ റഫറല്‍ തൊഴിലുകള്‍ ലിസ്റ്റ് ചെയ്യുന്നതെന്ന് പ്രതിദ്ധ്വനി അവകാശപ്പെടുന്നു. പല കമ്പനികളും എംപ്ലോയീ റഫറല്‍ ആയി ക്ഷണിക്കുന്ന തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാതെ പോകുന്നതിനു ഒരു പരിഹാരം എന്ന നിലയില്‍ ആണ് പ്രതിധ്വനി ഇങ്ങനെ ഒരു ആശയം പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചതെന്ന് അണിയറ ശില്‍പ്പികള്‍ അറിയിച്ചു. ഈ പോര്‍ട്ടലില്‍ തൊഴിലവസരങ്ങള്‍ പോസ്റ്റ് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും jobs@prathidhwani.org എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com