ഐടി മേഖലയിലെ കൊഴിഞ്ഞുപോക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്കിത് നല്ല കാലം

രാജ്യത്തെ ഐടി കമ്പനികളുടെ (IT Companies) പുതുതായുള്ള നിയമനം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഐടി കമ്പനികളിലെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികള്‍ 3,60,000 പേരെ പുതുതായി നിയമിക്കുമെന്നാണ് അണ്‍എര്‍ത്ത്ഇന്‍സൈറ്റിന്റെ (Unearthinsigth) ന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 30 ഓളം കമ്പനികള്‍ 3,50,000-3,60,000 ഫ്രഷര്‍മാരെ നിയമിച്ചേക്കും. ഇത് ഈ കമ്പനികളിലെ ആകെ തൊഴിലാളികളുടെ 14-18 ശതമാനത്തോളം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, നിലവിലെ ജീവനക്കാരെ നിലനിര്‍ത്തുന്നതിനായി ഐടി കമ്പനികള്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും അണ്‍എര്‍ത്ത്ഇന്‍സൈറ്റിന്റെ (Unearthinsigth) ന്റെ റിപ്പോര്‍ട്ടിലുണ്ട്. ശമ്പള വര്‍ധനവ്, സ്റ്റോക്ക് ഓപ്ഷനുകള്‍, പ്രമോഷനുകള്‍, ദീര്‍ഘകാല ഇന്‍സെന്റീവുകള്‍, അപ്സ്‌കില്ലിംഗ്/പുനര്‍നൈപുണ്യ പരിശീലനം തുടങ്ങിയ പദ്ധതികളാണ് കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിനായി ഐടി കമ്പനികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, ടയര്‍-1, 2 കമ്പനികള്‍ ശരാശരി ശമ്പള വര്‍ധനവായ 8-12 ശതമാനത്തില്‍നിന്ന് അധികമായി 5-20 ശതമാനത്തോളം വര്‍ധനവ് നടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ പാദത്തില്‍ 19.5 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്ക് നിരക്ക് എങ്കില്‍ ഈ പാദത്തില്‍ 22.3 ശതമാനത്തോളമാണ് വര്‍ധിച്ചത്. ഇതാണ് ഐടി രംഗത്ത് പുതുതായുള്ള നിയമനം ഉയരാന്‍ കാരണമാകുന്നത്. '''ഐടി രംഗത്ത് വേതനം ഉയര്‍ന്ന നിലയിലാണെങ്കിലും കൊഴിഞ്ഞുപോക്ക് നിരക്ക് ആശങ്കാജനകമാണ്. അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ മെച്ചപ്പെടുമെങ്കിലും ഒരു പാദത്തില്‍ കൂടി ഇത് തുടരാന്‍ സാധ്യതയുണ്ട്'' അണ്‍എര്‍ത്ത്ഇന്‍സൈറ്റിന്റെ (Unearthinsigth) സ്ഥാപകനും സിഇഒയുമായ ഗൗരവ് വാസു പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Related Articles
Next Story
Videos
Share it