'വര്‍ക്ഫ്രം ഹോം' മടുത്തു; ഐ ടി ജീവനക്കാര്‍ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു!

കഴിഞ്ഞ രണ്ട് വർഷമായി ഐ.ടി.മേഖലയിലുള്ള ഭൂരിപക്ഷവും വർക്ക്‌ ഫ്രം ഹോം ആയാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ പഴയ ഓഫീസ് അന്തരീക്ഷത്തിലേയ്ക്ക് തിരി്ച്ചുപോകാൻ ശക്തമായി ആഗ്രഹിക്കുകയാണ് ഇപ്പോൾ പലരും. സഹപ്രവർത്തകരോടൊത്ത് ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയാതെ, ചിരിയും കളിയും തമാശയുമില്ലാതെ ഇതെന്ത് ജീവിതമെന്നാണ് ഇവർ ചോദിക്കുന്നത്.

കേരളത്തിലെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരത്തെ ടെക്നോപാർക്കിലും കൊച്ചിയിലെ ഇൻഫോപാർക്കിലും കോഴിക്കോട്ടെ സൈബർപാർക്കിലുമായി ഏതാണ്ട് 900 കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇത്രയും കമ്പനികളിലുമായി ഒരുലക്ഷത്തിഇരുപതിനായിരത്തിലധികം ജീവനക്കാർ ജോലിചെയ്തുകൊണ്ടിരുന്നു. ഇതിൽ തന്നെ തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം 460 കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനികളിലായി 63000 ജീവനക്കാരും ഇവിടെ പ്രവർത്തിച്ചിരുന്നു.
മൊത്തം ഐ.ടി.പാർക്കുകളിലെ 900 കമ്പനികളിൽ 50 കമ്പനികളിൽ പോലും ഇപ്പോൾ പതിവ് പ്രവർത്തനമില്ല.
പല കമ്പനികളിലും സർവ്വറുകൾ മറ്റും പ്രവർത്തിപ്പിക്കാനായി ഒന്നോ രണ്ടോ പേർ ദിവസവും എത്തുമെന്നല്ലാതെ പല കമ്പനികളും പാർക്കുകളിൽ സജീവമല്ല.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആണെങ്കിൽ ജോലിക്ക് എത്തുന്നത് ആകെയുള്ള ജീവനക്കാരിൽ അഞ്ചു ശതമാനത്തിന് താഴെ മാത്രം.
ജോലിസ്ഥലത്തു പല മാനസിക സമ്മർദ്ദങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഒട്ടേറെ സംഭവങ്ങൾ മുൻപ് വാർത്തകളായിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നേരെ തിരിച്ചായിരിക്കുകയാണ് കാര്യങ്ങൾ. തങ്ങൾക്ക്‌ ഓഫീസിൽ വരാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദത്തിലാണെന്ന് ഐ ടി പാർക്കുകളിൽ വന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർ പറയുന്നു.
ജോലിസ്ഥലത്ത് തങ്ങൾക്ക് ഒരു സോഷ്യൽ ലൈഫ് ഉണ്ടായിരുന്നു. ഇത് ഇപ്പോൾ നഷ്ടപ്പെട്ടതായി ഇവർ ചൂണ്ടിക്കാണിക്കാട്ടുന്നു.
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലുകളോ സാംസ്ക്കാരിക വിനിമയങ്ങളോ ഇല്ല. സൊറപറച്ചിലുകളോ, ബർത്ത്ഡേ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ ആഘോഷങ്ങളെല്ലാം നഷ്ടപ്പെട്ടു ഒരുമിച്ചുപോകുന്ന ടൂറുകൾ നടക്കുന്നില്ല. ഇതൊന്നുമില്ലാത്ത ഒരു വരണ്ട ജീവിതമാണ് ഇപ്പോൾ തങ്ങൾ ജീവിച്ച് തീർക്കുന്നതെന്നാണ് പാർക്കുകളിലെ പലജീവനക്കാരും അഭിപ്രായപ്പെടുന്നത്.
പണ്ട് എല്ലാത്തിനും കൃത്യമായ ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാവിലെ തുടങ്ങുന്ന പണി പലപ്പോഴും രാത്രിയായാലും അവസാനിക്കാറില്ലെന്ന് കൊച്ചി ഇൻഫോപാർക്കിലെ ഐ.ടി.ജിവനക്കാരൻ എസ്.സുമേഷ് പറയുന്നു. ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് ഓരോ ജീവനക്കാരനും ഓരോ ദിവസവും കടന്ന് പോകുന്നത്. കുടുംബം ഒപ്പമുണ്ട്. പക്ഷേ നേരത്തേയുള്ളത് പോലെ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ല.
മുൻപ് ഒരു നിശ്ചിത ഡ്യൂട്ടി സമയം ഉള്ളതിനാൽ ബാക്കിയുള്ള സമയം വീട്ടുകാരോടൊപ്പം കഴിയാൻ ബാക്കിയുണ്ടായിരുന്നു. ഇന്നിപ്പോൾ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഒഴിയാതെ കിടക്കുകയാണ്.
ഇത് പലരെയും കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നുവെന്ന് സുമേഷ് പറയുന്നു.
ഒരു troubleshoot ചെയ്യാനോ ഒരു solution കണ്ടെത്തണമെങ്കിലോ ഒരു ഡിസൈൻ ഫൈനൽ ആക്കണമെങ്കിലോ നേരിട്ടുള്ള ഒരു ടീം വർക്കിലൂടെ പെട്ടെന്ന് കഴിയുമായിരുന്നുവെന്ന് കൊച്ചി ഇൻഫോ പാർക്കിലെ 'Think palm technology' സീനിയർ ജിഎം രാജേഷ് എം ജോസ് പറയുന്നു.നേരിട്ട് കാണുമ്പോഴുള്ള Informal conversation ഒരുപാട് പ്രശ്നങ്ങൾക്കാണ് പരിഹാരം കണ്ടെത്തിയിരുന്നത്. കോഫീ വിത്ത്‌ മാനേജർ, കോഫി വിത്ത്‌ സിഇഒ തുടങ്ങിയ പരിപാടികളൊക്കെ ഐ ടി മേഖലയിലെ ഒരു സ്ഥാപനത്തിന് അത്യാവശ്യമാണ്.സഹ പ്രവർത്തകരോടുള്ള സൗഹൃദങ്ങളും ഇടപഴലുകളും പ്രത്യേക ഊർജ്ജമാണ് ഓരോ ജീവനക്കാരനും നൽകിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വർക്ക് ഫ്രം ഹോം ആയതോടെ വനിതാ ജീവനക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായതെന്ന് ടെക്നോപാർക്കിലെ ഐ.ടി.ജീവനക്കാരി ആര്യ.എസ്.നായർ പറയുന്നു. സ്കൂൾ അടഞ്ഞു കിടക്കുന്നതിനാൽ
വീട്ടിൽ മുഴുവൻ സമയം നിൽക്കുന്ന കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് ജോലിയോടൊപ്പം ചെയ്തു തീർക്കേണ്ടിവരുന്നത്. പണ്ട് അങ്ങനെയായിരുന്നില്ലല്ലോ, രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ തിരികെ വന്ന് വീട്ടുകാര്യങ്ങളിൽ ഏർപ്പെടുന്നതിനുമൊക്കെ ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു.ഇത് വല്ലാത്ത സ്‌ട്രെസ് ആണ് നൽകുന്നത്.
കോവിഡ് 19-നെ തുടർന്നുണ്ടായ വർക്ക്‌ ഫ്രം കൾച്ചർ കേരളത്തിന്റെ ഐ.ടി.മേഖലയുടെ വളർച്ചയിൽ കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
എന്നാൽ ജീവനക്കാർ ഇത് കാരണം ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതായി കേരള ഐ.ടി.പാർക്ക്സ് സി.ഇ.ഒ. ജോൺ എം തോമസ് അഭിപ്രായപ്പെട്ടു.
വർക്ക് ഫ്രം ഹോം വന്നതോടെ അമ്പതോളം കമ്പനികൾ ടെക്നോപാർക്കിൽ നിന്നുമാത്രം പൂട്ടിപ്പോയി. എന്നാൽ അതിനനുസരിച്ച് പുതിയ കമ്പനികൾ വന്ന് ഓഫീസുകൾ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. ആകെ നോക്കുമ്പോൾ ഐ.ടി.മേഖലയുടെ Revenue Growth-ൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.അതുകൊണ്ട്
കമ്പനികൾക്ക്‌ വർക്ക്‌ ഫ്രം ഹോം കൊണ്ട് കുറവുകൾ സംഭവിച്ചില്ലെങ്കിലും അതൊരു ദീർഘവീക്ഷണത്തോടെ നോക്കുമ്പോൾ ജീവനക്കാർ തിരിച്ചെത്തി പാർക്കുകൾ സജീവമാകണം. അതിനാൽ കോവിഡിന്റെ ഭീതി ഒഴിഞ്ഞാൽ എത്രയും പെട്ടെന്ന് പഴയ അന്തരീക്ഷത്തിലേക്ക് മാറേണ്ടതുണ്ടന്ന് അദ്ദേഹം പറയുന്നു.


Noushadali
Noushadali  

Related Articles

Next Story

Videos

Share it