ബിസ്ലേരിയെ നയിക്കാന്‍ ഇനി ജയന്തി ചൗഹാന്‍
ബിസ്ലേരി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ രമേഷ് ചൗഹാന്റെ മകള്‍ ജയന്തി ചൗഹാന്‍ ബിസ്ലേരിയെ നയിക്കാന്‍ രംഗത്തെത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ടിസിപിഎല്‍) ബിസ്ലേരിയെ ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെയാണ് ജയന്തി ചൗഹാന്‍ കമ്പനിയെ നയിക്കുമെന്ന വര്‍ത്ത പുറത്തുവരുന്നത്.
വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല
ബിസ്ലേരിയുടെ ചീഫ് എക്സിക്യൂട്ടീവ് ആഞ്ചലോ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ മാനേജ്മെന്റ് ടീമിനൊപ്പം ജയന്തി കമ്പനി നടത്തുമെന്നും ബിസിനസ് വില്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസ്ലേരി ചെയര്‍മാന്‍ രമേഷ് ചൗഹാന്‍ പറഞ്ഞു. ജയന്തി ചൗഹാന്‍ നിലവില്‍ കമ്പനിയുടെ വൈസ് ചെയര്‍പേഴ്സണാണ്. ബിസ്ലരിയില്‍ 24ാം വയസില്‍ ജോലി ആരംഭിച്ച ജയന്തിക്ക് ഡല്‍ഹി ഓഫീസിന്റെ ചുമതലയായിരുന്നു ആദ്യമുണ്ടായിരുന്നത്. ശേഷം ഫാക്ടറി നവീകരിക്കുന്നതിലും ഓട്ടോമേഷന്‍ കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കി.
ചര്‍ച്ചകള്‍ക്കൊടുവില്‍
6000-7000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പിന് കമ്പനി വില്‍ക്കാന്‍ ചൗഹാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൗഹാന്‍ കുടുംബവുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രണ്ട് വര്‍ഷം മുമ്പ് ടാറ്റ കണ്‍സ്യൂമര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ ഏറ്റെടുക്കല്‍ കരാറില്‍ നിന്നും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് പിന്‍മാറിയത്. ടാറ്റ കസ്യൂമറിന് ഹിമാലയന്‍ നാചുറല്‍ മിനറല്‍ വാട്ടര്‍ എന്ന ബ്രാന്‍ഡ് നിലവില്‍ സ്വന്തമായി ഉണ്ട്. ഈ ബ്രാന്‍ഡില്‍ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവ ടാറ്റ കസ്യൂമര്‍ വിപണിയിലിറക്കുന്നുണ്ട്.
മുംബൈയിലെത്തിയ ബിസ്ലേരി
ഇറ്റാലിയന്‍ കമ്പനിയായ ബിസ്ലേരി സ്ഥാപിച്ചത് ഫെലിസ് ബിസ്ലേരിയാണ്. ഇത് 1965 ലാണ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നാലു വര്‍ഷത്തിന് ശേഷം ഈ കമ്പനി പാര്‍ലെ ഗ്രൂപ്പ് 4 ലക്ഷം രൂപക്ക് ഏറ്റെടുത്തു. കമ്പനിക്ക് നിലവില്‍ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ 60% വിപണി വിഹിതം ഉണ്ട്. 122 ഉല്‍പ്പാദന കേന്ദ്രങ്ങളും 4500 വിതരണക്കാരും ഉണ്ട്.