ഏറ്റവും സമ്പന്ന ഇന്ത്യന്‍ സി.ഇ.ഒ നദെല്ലയോ പിച്ചൈയോ അല്ല, അത് ഈ വനിതയാണ്; രണ്ടാംസ്ഥാനത്ത് കോട്ടയംകാരന്‍

ലോകത്തെ മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരായി ഇന്ത്യക്കാര്‍ വാഴാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും അവരില്‍ ചിലര്‍ മാത്രം. എന്നാല്‍, ആഗോള ഇന്ത്യന്‍ സി.ഇ.ഒമാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നര്‍ ഈ പറഞ്ഞ രണ്ട് പേരുമല്ല, അതൊരു വനിതയാണ്, പേര് - ജയശ്രീ ഉള്ളാല്‍.

ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 'അരിസ്റ്റ നെറ്റ്വര്‍ക്സ്' എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒ യുമായ ജയശ്രീ ഉള്ളാൽ ഒന്നാം സ്ഥാനത്തെത്തിയത്, ആസ്തി 20,800 കോടി രൂപ. 62 വയസ്സുകാരിയായ ജയശ്രീ തന്നെയായിരുന്നു ഹുറൂണ്‍ ഇന്ത്യ 2022 ലിസ്റ്റിലും മുന്നില്‍ എത്തിയ പ്രൊഫഷണല്‍. 16,600 കോടി രൂപയായിരുന്നു അന്ന് ജയശ്രീയുടെ ആസ്തി.

ഏറ്റവും സമ്പന്നരായ പ്രൊഫഷണല്‍ മാനേജര്‍മാരില്‍ ഇത്തവണയും രണ്ടാം സ്ഥാനത്തെത്തിയത് കോട്ടയംകാരനായ തോമസ് കുര്യനാണ്. ഹുറൂണ്‍ ലിസ്റ്റ് പ്രകാരം ഗൂഗ്ള്‍ ക്ലൗഡ് സി.ഇ.ഒ ആയ തോമസ് കുര്യന്‍, വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗ (7,600 കോടി രൂപ) മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (7,500 കോടി രൂപ) എന്നിവരെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഇത്തവണ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ലിസ്റ്റിലെ ആദ്യ അഞ്ചില്‍ ഇല്ല. സുന്ദര്‍ പിച്ചൈയെ (5,400 കോടി രൂപ) പിന്നിലാക്കി പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്കിന്റെ നികേഷ് അറോറ 7,400 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പിച്ചൈ ആറാമതും.

ഹുറൂണിലെ രണ്ടാമനായി വീണ്ടും കോട്ടയം കാരന്‍

15,800 കോടി രൂപയുടെ സ്വത്തുമായിട്ടാണ് കോട്ടയംകാരനായ തോമസ് കുര്യന്‍ ഇത്തവണയും ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ വര്‍ഷം 12,100 കോടി രൂപയുടെ സ്വത്താണ് ഹുറൂണ്‍ ലിസ്റ്റ് പ്രകാരം തോമസ് കുര്യന് ഉണ്ടായിരുന്നത്.

കേരളത്തില്‍ ജനിച്ച തോമസ് കുര്യന്‍ തന്റെ കരിയര്‍ ആരംഭിച്ചത് മക്കെന്‍സി ആന്‍ഡ് കമ്പനിയിലാണ്. 1996ല്‍ അദ്ദേഹം ഒറാക്കിളില്‍ ചേര്‍ന്നു, തുടര്‍ന്ന് കമ്പനിയുടെ പ്രസിഡന്റായി. 2019 മുതല്‍, കുര്യന്‍ ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിക്കുന്നു.

ആരാണ് ജയശ്രീ ഉള്ളാല്‍?

ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ജയശ്രീ, സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും സാന്റാക്ലാര യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് മാനേജ്‌മെന്റിലും ബിരുദം നേടി. അരിസ്റ്റയില്‍ ജോലിയാരംഭിച്ചപ്പോള്‍ അധികം വരുമാനം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ലാത്ത, 50 പേരില്‍ താഴെ മാത്രം ജീവനക്കാരുള്ള ഒരു കമ്പനിയായിരുന്നു അത്. പിന്നീട് ജയശ്രീയുടെ നേതൃ സ്ഥാനത്തില്‍ കമ്പനി തിളങ്ങി. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും സി.ഇ.ഒയും ആയ അവര്‍ കമ്പനി ഓഹരികളുടെ 2.4 ശതമാനം സ്വന്തമാക്കി. 2014ല്‍ ജയശ്രീയുടെ നേതൃത്വത്തില്‍ അരിസ്റ്റ ഐ.പി.ഒയും നടത്തി.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it