ജെറ്റ് എയര്‍വെയ്‌സ് വീണ്ടും പറക്കാന്‍ സാദ്ധ്യത മങ്ങി; ലൈസന്‍സ് പുതുക്കിയില്ല

കടക്കെണിയില്‍പ്പെട്ട് 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സ് വീണ്ടും ചിറകുവിടര്‍ത്താനുള്ള സാദ്ധ്യതകള്‍ മങ്ങി. ഇന്ത്യന്‍ വ്യോമയാന രംഗത്തെ ശ്രദ്ധേയനായ നരേഷ് ഗോയല്‍ സ്ഥാപിച്ച വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിനെ 2020ല്‍ ദുബായ് വ്യവസായിയും ഇന്ത്യന്‍ വംശജനുമായ മുരാരി ലാല്‍ ജലാന്‍, ലണ്ടന്‍ ആസ്ഥാനമായ ധനകാര്യ നിക്ഷേപ സ്ഥാപനമായ കാല്‍റോക്ക് കാപ്പിറ്റല്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ഏറ്റെടുത്തിരുന്നു.

2021 മദ്ധ്യത്തോടെ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിക്കുമെന്ന് കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ സാദ്ധ്യമായില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡി.ജി.സി.എ) നിന്ന് കമ്പനിക്ക് ലഭിച്ച പറക്കല്‍ അനുമതി ലൈസന്‍സായ ഓപ്പറേറ്റേഴ്‌സ് പെര്‍മിറ്റിന്റെ (എ.ഒ.പി) കാലാവധി മെയ് 19ന് അവസാനിക്കും. അതായത്, മെയ് 19നകം സര്‍വീസ് പുനരാരംഭിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. അല്ലെങ്കില്‍ എ.ഒ.പിയുടെ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷിക്കണം.
ഇത്തരത്തില്‍ കാലാവധി നീട്ടി ലഭിക്കണമെങ്കില്‍ ഒരുമാസം മുമ്പെങ്കിലും അപേക്ഷിക്കണം. നിലവിലെ എ.ഒ.പിയുടെ കാലാവധി തീരാന്‍ രണ്ടുദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ജെറ്റ് എയര്‍വെയ്‌സ് സമീപഭാവിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സാദ്ധ്യത മങ്ങി.
സ്ലോട്ടുകളുമില്ല
വിമാനക്കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ വിമാനങ്ങളുടെ പാര്‍ക്കിംഗിനും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനും ബന്ധപ്പെട്ട വിമാനത്താവളങ്ങളില്‍ സ്ഥലം (സ്ലോട്ട്) നേടണം. ഇത്തരത്തില്‍ സ്ലോട്ട് അനുവദിച്ച് കിട്ടാന്‍ ഒന്നുമുതല്‍ രണ്ടുമാസം വരെയെങ്കിലുമെടുക്കും. നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന് സ്ലോട്ടുകള്‍ ലഭ്യമായിട്ടില്ലെന്നാണ് സൂചനകള്‍.
കടംവീട്ടാനും പ്രതിസന്ധി
ജെറ്റ് എയര്‍വെയ്‌സിനെ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമ്പോഴുള്ള കടബാദ്ധ്യത 15,525 കോടി രൂപയായിരുന്നു. ഇത് നിശ്ചിത തവണകളായി തിരിച്ചടയ്ക്കാമെന്ന് കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച റൊസൊല്യൂഷന്‍ പദ്ധതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആദ്യ തിരിച്ചടവ് നടത്തേണ്ടത് ഈമാസം 15ന് ആയിരുന്നു. എന്നാല്‍ കടംവീട്ടാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടുവെന്നാണ് സൂചനകള്‍. ജെറ്റ് എയര്‍വെയ്‌സ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത് ഇനിയുമേറെ വൈകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റൊരു ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് അടുത്തിടെ പ്രവര്‍ത്തനം നിറുത്തുകയും പാപ്പരത്ത നടപടിയിലേക്ക് കടക്കുകയും ചെയ്തിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it