ജെറ്റ് ഇന്ധനവില റെക്കോര്‍ഡിലേക്ക്, ഒറ്റയടിക്ക് 5.3 ശതമാനം വര്‍ധിപ്പിച്ചു

ജെറ്റ് ഇന്ധനവില (Jet Fuel Price) എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക്. തിങ്കളാഴ്ച ഒറ്റയടിക്ക് 5.3 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷത്തെ പത്താമത്തെ വര്‍ധനവാണിത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 6,188.25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ എടിഎഫിന്റെ വില ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,23,039.71 രൂപയായി. ജെറ്റ് ഇന്ധന വില എല്ലാ മാസവും 1, 16 തീയതികളിലാണ് പരിഷ്‌കരിക്കുന്നത്.

നേരത്തെ, മാര്‍ച്ച് 16-ന് 18.3 ശതമാനവും (കിലോലിന് 17,135.63 രൂപ), ഏപ്രില്‍ 1-ന് 2 ശതമാനവും (കിലോലിന് 2,258.54 രൂപ), ഏപ്രില്‍ 16-ന് 0.2 ശതമാനവും, മെയ് 1-ന് കിലോലിറ്ററിന് 3,649.13 രൂപ (3.2 ശതമാനം)യും വര്‍ധിപ്പിച്ചിരുന്നു. മുംബൈയില്‍ എടിഎഫിന് ഇപ്പോള്‍ കിലോലിറ്ററിന് 1,21,847.11 രൂപയും കൊല്‍ക്കത്തയില്‍ 1,27,854.60 രൂപയും ചെന്നൈയില്‍ 1,27,286.13 രൂപയുമാണ് വില. പ്രാദേശിക നികുതിയെ ആശ്രയിച്ച്, ഓരോ സംസ്ഥാനത്തിനും നിരക്കുകള്‍ വ്യത്യാസപ്പെടുന്നു.
റഷ്യയുടെ ഉക്രെയ്നിലെ (Russia-Ukraine War) അധിനിവേശത്തെ തുടര്‍ന്നുള്ള വിതരണ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ വില ഉയര്‍ന്നതും കോവിഡിന് നീങ്ങിയതിന് പിന്നാലെ ഡിമാന്റ് ഉയര്‍ന്നതുമാണ് ഇന്ത്യയില്‍ ഇന്ധന നിരക്ക് ഉയരാന്‍ കാരണം. എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ജെറ്റ് ഇന്ധനങ്ങള്‍ക്കാണ്. അത് ഈ വര്‍ഷം ഏറ്റവും പുതിയ ഉയരങ്ങളിലെത്തി. 2022-ന്റെ തുടക്കം മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വിലകളില്‍ വര്‍ധനവുണ്ടായിരുന്നു. ജനുവരി 1 മുതല്‍ ആരംഭിച്ച ഒമ്പത് വര്‍ധനകളില്‍, എടിഎഫ് വില കിലോലിറ്ററിന് 49,017.8 രൂപ അഥവാ ഏകദേശം 55 ശതമാനമാണ് ഉയര്‍ന്നത്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it