ഇന്ധനത്തിന്റെ വില കുറഞ്ഞു; വിമാനക്കമ്പനികള്‍ക്ക് ആശ്വാസം

അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ (aviation turbine fuel) വില ഡല്‍ഹിയില്‍ 2.3 ശതമാനം കുറഞ്ഞ് കിലോലിറ്ററിന് 1,17,587.64 രൂപയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാന ഇന്ധന വില കിലോ ലിറ്ററിന് 2,775 രൂപ കുറച്ചിട്ടുണ്ട്.

പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനം ഇന്ധനത്തിനായാണ് വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ നിരക്ക് കുറച്ചത് വിമാനക്കമ്പനികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നതോടെ വിമാനത്താവളങ്ങളിലെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തി. ഇതോടെ നവംബറില്‍ വിമാന ഇന്ധനത്തിന്റെ വില്‍പ്പനയും 21.5 ശതമാനം ഉയര്‍ന്ന് 572,200 ടണ്ണിലെത്തി.

കഴിഞ്ഞ മാസം വിമാന ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 4,842.37 രൂപ അഥവാ 4.19 ശതമാനം കുറച്ചിരുന്നു. രണ്ടാഴ്ച്ച കാലത്തെ അന്താരാഷ്ട്ര തലത്തിലെ ശരാശരി വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിലാണ് ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നത്. അതേസമയം പെട്രോള്‍ -ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു.

Related Articles
Next Story
Videos
Share it