Begin typing your search above and press return to search.
പെട്രോള്‍ മുതല്‍ ഭക്ഷണം വരെ; റിലയന്‍സിന്റെ ആദ്യ ജിയോ-ബിപി പമ്പ് പ്രവര്‍ത്തനം തുടങ്ങി
റിലയന്‍സ് മൊബിലിറ്റി ലിമിറ്റഡിന് (ആര്‍ബിഎംഎല്‍) കീഴിലുള്ള ആദ്യ മൊബിലിറ്റി സ്റ്റേഷന്‍ നവി- മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. പെട്രോള്‍, ഇവി-ചാര്‍ജിംഗ്, റിഫ്രഷ്‌മെന്റ് ഏരിയ, ഫൂഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുതലമുറ പമ്പുകള്‍ സൃഷ്ടിക്കുകയാണ് ജിയോ-ബിപി മൊബിലിറ്റി സ്റ്റേഷനുകളിലൂടെ റിലയന്‍സിന്റെ ലക്ഷ്യം.
കഴിഞ്ഞ ജൂലൈയിലാണ് ബ്രിട്ടീഷ് ഓയില്‍ -ഗ്യാസ് കമ്പനിയായ ബിപിയുമായി ചേര്‍ന്ന് റിലയന്‍സ് ആര്‍ബിഎംഎല്‍ സ്ഥാപിച്ചത്. നിലവിലുള്ള 1,400 പെട്രോള്‍ പമ്പുകളെ ജിയോ-ബിപിക്ക് കീഴില്‍ റിലയന്‍സ് റീബ്രാന്‍ഡ് ചെയ്യും. കൂടാതെ ജിയോ-ബിപിക്ക് കീഴില്‍ ഇവി-ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിങ്ങ് പോയിന്റുകള്‍ ആരംഭിക്കാനും റിലയന്‍സിന് പദ്ധതിയുണ്ട്.
ബിപിയുടെ കീഴില്‍ യുറോപ്, ഓസ്‌ട്രേലിയ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ബീന്‍ കഫേകളാണ് ജിയോ-ബിപി മൊബിലിറ്റി സ്റ്റേഷനുകളില്‍ ആരംഭിക്കുക. റിലയന്‍സ് റിട്ടെയിലിന്റെ സഹകരണത്തോടെ ആയിരിക്കും 24 മണിക്കൂറും തുറക്കുന്ന കഫേകള്‍ പ്രവര്‍ത്തിക്കുക.
കൂടാതെ കാസ്‌ട്രോള്‍ ഓയിലുമായി ചേര്‍ന്ന് വാഹനങ്ങള്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്, ഓയില്‍ ചേഞ്ച് സൗകര്യങ്ങളും റിലയന്‍സ് ഒരുക്കും. അതിവേഗം വളരുന്ന ഇന്ധന- യാത്രാനുബന്ധ വിപണിയാണ് രാജ്യത്തേത്. അടുത്ത 20 വര്‍ഷംകൊണ്ട് ആഗോളതലത്തില്‍ ഏറ്റവും വേഗം വളരുന്ന ഇന്ധന വിപണിയായി ഇന്ത്യമാറും എന്നാണ് കണക്കുകൂട്ടല്‍. ഇതു മുന്നില്‍ കണ്ട് യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്ന മൊബിലിറ്റി സ്റ്റേഷനുകളുടെ ശൃംഖല ഒരുക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.
Next Story
Videos