

രാജ്യത്തെ റീഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇതിനായി ജര്‍മനിയിലെ അലയന്‍ ഗ്രൂപ്പുമായി 50:50 സംയുക്ത സംരംഭം പ്രഖ്യാപിച്ചു.
ജര്‍മന്‍ കമ്പനിയുടെ പൂര്‍ണ ഉപ കമ്പനിയായ അലയന്‍സ് യൂറോപ്പുമായാണ് കരാര്‍. നിയമപരമായ അനുമതികള്‍ കിട്ടിയാലുടന്‍ രാജ്യത്ത് പ്രവർത്തനം ആരംഭിക്കും. ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിലും തുല്യ പങ്കാളിത്തത്തോടെ ബിസിനസ് ആരംഭിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.
ബജാജുമായുള്ള സംയുക്ത സംരംഭങ്ങളായ ബജാജ് അലയന്‍സ് ലൈഫ്, ബജാജ് അലയന്‍സ് ജനറല്‍ എന്നിവയിലെ 26% ഓഹരികള്‍ വില്‍ക്കാന്‍ അലയന്‍സ് തീരുമാനിച്ചതിന് ശേഷമാണ് ജിയോയുമായി കൈകോര്‍ക്കുന്നത്.
രാജ്യത്തെ റീഇന്‍ഷുറന്‍സ് വിപണിയില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജിഐസി റീ എന്ന കമ്പനിയാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളായ സ്വിസ് റീ, മ്യൂണിക്ക് റീ, ലോയ്ഡ്സ് തുടങ്ങിയവ ഇവിടെ ശാഖകള്‍ തുറന്നിട്ടുണ്ടെങ്കിലും പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
അലയന്‍സിന്റെ ആഗോള ഇന്‍ഷുറന്‍സ് വൈദഗ്ധ്യവും ഇന്ത്യയിലെ 25 വര്‍ഷത്തെ പരിചയവും ഒപ്പം ജിയോയുടെ ശക്തമായ പ്രാദേശിക സാന്നിധ്യവും ഡിജിറ്റല്‍ ശൃംഖലയും ഉപയോഗിച്ചുകൊണ്ടാകും ജിയോ-അലിയന്‍സ് സംയുക്ത സംരംഭം വിപണി പിടിക്കുക.
നിലവിലെ വിപണി ഘടനയെ തന്നെ മാറ്റിമറിക്കാനും ജിഐസി റീയുടെ ദീര്‍ഘകാല ആധിപത്യത്തെ വെല്ലുവിളിക്കാനും പുതിയ സംയുക്ത സംരംഭത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
നിലവില്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും നോണ്‍-ലൈഫ്, ടേം ലൈഫ് പോളിസികളില്‍ നിന്നുള്ള പ്രീമിയത്തിന്റെ 5% വിഹിതം ജിഐസി റീക്ക് നല്‍കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 1,500 കോടി രൂപ വരെയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. ജിയോ-അലിയന്‍സ് സംയുക്ത സംരംഭം വരുന്നതോടെ ഈ തുക അവരുമായി കൂടി പങ്കുവയ്ക്കപ്പെടും.
ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നില്‍ റീ ഇന്‍ഷുറന്‍സിനായി ഇതു വരെ ജി.ഐ.സി റീ മാത്രമായിരുന്നു മികച്ച ഓപ്ഷന്‍. എന്നാല്‍ ജിയോ-അലിയന്‍സ് റീഇന്‍ഷുറന്‍സ് സംയുക്ത സംരംഭത്തിന്റെ വരവോടെ മറ്റൊരു ചോയ്‌സ് കൂടി കമ്പനികള്‍ക്ക് മുമ്പിലേക്ക് എത്തുകയാണ്.
അലയന്‍സിന് അവരുടെ ആഗോള റീഇന്‍ഷുറന്‍സ് പരിജ്ഞാനവും മറ്റും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയും, ഇത് പ്രാദേശിക ഇന്‍ഷുറന്‍സ് കമ്പനികളെ അവരുടെ മൂലധനവും നഷ്ടസാധ്യതയും നന്നായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
ഇതിനൊപ്പം പേയ്മെന്റുകള്‍, വായ്പകള്‍, ബ്രോക്കിംഗ് എന്നിവയില്‍ വലിയ വിജയം നേടിയ ജിയോയുടെ ശക്തമായ ഡിജിറ്റൽ നെറ്റ് വർക്ക് റീഇന്‍ഷുറന്‍സ് സേവനങ്ങള്‍ വേഗത്തില്‍ വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്നും കരുതുന്നു.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ നഷ്ട സാധ്യത കുറയ്ക്കാനുള്ള മാര്‍ഗമാണ് റീ ഇന്‍ഷുറന്‍സ്. ഉദാഹരണത്തിന് ഒരു ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്താക്കള്‍ക്ക് പോളിസികള്‍ വില്‍ക്കുന്നു (ആരോഗ്യം, കാര്‍ അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ളവ). ഒരേസമയം നിരവധി ക്ലെയിമുകള്‍ വരികയോ മറ്റോ ചെയ്താല്‍ കമ്പനിക്ക് നഷ്ടം വരും. അതൊഴിവാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒരു റീഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് റീഇന്‍ഷുറന്‍സ് വാങ്ങാം. ഇന്‍ഷുറന്‍സ് കമ്പനി ശേഖരിക്കുന്ന പ്രീമിയത്തിന്റെ ഒരു ഭാഗം റീഇന്‍ഷുറര്‍ക്ക് നല്‍കിയാല്‍ മതി. വലിയ നഷ്ടങ്ങള്‍ സംഭവിച്ചാല്‍ ക്ലെയിമുകളുടെ ഒരു ഭാഗം റീഇന്‍ഷുറര്‍ നല്‍കും.
ഇന്നലെ സംയുക്ത സംരംഭ പ്രഖ്യാപനത്തിനു പിന്നാലെ ജി.ഐ.സി റീ ഓഹരികള്‍ 1.5 ശതമാനം വരെ ഇടിഞ്ഞ് 381.2 രൂപയിലെത്തിയിരുന്നു. ഐ.പി.ഒ വിലയായ 912 രൂപയില്‍ നിന്ന് വലിയ ഇടിവിലാണ് ഓഹരി ഇപ്പോള്‍. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളും ഇന്നലെ 0.5 ശതമാനം ഇടിഞ്ഞ് 316.4 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Jio and Allianz enter India's reinsurance market, challenging GIC Re’s long-standing dominance.
Read DhanamOnline in English
Subscribe to Dhanam Magazine