

റിലയന്‍സിനു കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Jio Fin) 2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ആറ് ശതമാനം വളര്‍ച്ചയോടെ 311 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ലാഭം 294 കോടി രൂപയായിരുന്നു.
വരുമാനവും ചെലവും
ഇക്കാലയളവിൽ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ പാദത്തിലെ 414 കോടി രൂപയില്‍ നിന്ന് 418 കോടി രൂപയായി.
മാര്‍ച്ച് പാദത്തിലെ മൊത്തം ചെലവ് 98 കോടി രൂപയില്‍ നിന്ന് നേരിയ തോതില്‍ ഉയര്‍ന്ന് 103 കോടി രൂപയായി. കമ്പനിയുടെ പലിശ വരുമാനം മൂന്നാം പാദത്തിലെ 269 കോടി രൂപയില്‍ നിന്ന് 280 കോടി രൂപയും ഉയര്‍ന്നു.
2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ലാഭം പല മടങ്ങ് വര്‍ധിച്ച് 31 കോടി രൂപയില്‍ നിന്ന് 1,604 കോടി രൂപയായി.
സ്റ്റോക്ക് ബ്രോക്കിംഗിലേക്കും
വ്യക്തിഗത വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് വായ്പ, ഇന്‍ഷ്വറന്‍സ്, പേയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സ്ഥാപമാണ് ജിയോഫിന്‍. ഈ ആഴ്ച ആദ്യം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കുമായി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് തുടങ്ങാന്‍ കരാര്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ധനകാര്യ വിഭാഗത്തെ വേര്‍പെടുത്തി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് രൂപം കൊടുത്തത്. അന്ന് ബി.എസ്.സിയില്‍ ഓഹരി ഒന്നിന് വില 265 രൂപയായിരുന്നു. ഇന്നലെ ജിയോ ഫിനാന്‍ഷ്യല്‍ ഓഹരി വില 2.20 ശതമാനം താഴ്ന്ന് 370.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഓഹരിവില 50 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 2.35 ലക്ഷം കോടി രൂപയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine