

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മുംബൈയുമായി ചേര്‍ന്ന് ഭാരത് ജി.പി.റ്റി എന്ന നിര്‍മിത ബുദ്ധി (എ.ഐ) പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെയും ജനറേറ്റീവ് എ.ഐയുടെയും കാലമാണ് അടുത്ത പതിറ്റാണ്ടൈന്നും ജിയോയുടെ എല്ലാ വിഭാഗങ്ങളിലും എ.ഐ അവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. മുംബൈ ഐ.ഐ.ടിയുടെ വാര്‍ഷിക ടെക്‌ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ആകാശ്.
ലോകത്തിലെ സേവന, വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നിര്‍മിത ബുദ്ധി സൃഷ്ടിക്കുന്നതെന്നും മീഡിയ, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം എ.ഐ അധിഷ്ഠിത ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനുകള്‍ക്കായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് രൂപം നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളില്‍ 5ജി നല്‍കാനാകുന്നതില്‍ എക്‌സൈറ്റഡ് ആണെന്നും ആകാശ് അംബാനി വ്യക്തമാക്കി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും ആകാശ് പങ്കുവച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine