ജിയോ V/s എയർടെൽ: ടെലികോം വിപണിയെ മാറ്റിമറിക്കുന്ന ബേസ് പ്ലാൻ പോരാട്ടം; വരിക്കാർക്ക് നേട്ടമുണ്ടാകുമോ?

ജിയോ ₹299 ബേസ് പ്ലാൻ നിലനിർത്തുകയും ജിയ പ്രൈം തിരിച്ചു കൊണ്ടുവരികയും ചെയ്തപ്പോൾ എയർടെൽ ₹299 പ്ലാൻ ഒഴിവാക്കി ₹349ലേക്ക് മാറി; ഇതോടെ ടെലികോം മത്സരത്തിൽ പുതിയ തന്ത്രങ്ങൾ കളം നിറയുന്നു
Jio and Airtel competition strategy in base plans
പ്രതീകാത്മക ചിത്രംImage Courtesy: Canva/Logo: Jio and Airtel
Published on

ഇന്ത്യൻ ടെലികോം വിപണിയിൽ മത്സരം മുറുകിയിരിക്കവേ, വിപണിയിലെ മുൻനിരക്കാരായ രണ്ട് വമ്പൻ കമ്പനികളും വ്യത്യസ്ത തന്ത്രങ്ങളുമായാണ് മുന്നോട്ട് നീങ്ങുന്നത്. ഭാരതി എയർടെൽ (Airtel) തങ്ങളുടെ എൻട്രി ലെവൽ ബേസ് പ്ലാനുകൾ നിർത്തലാക്കി പ്ലാൻ നിരക്കുകൾ ഉയർത്തിയപ്പോൾ, റിലയൻസ് ജിയോ (Jio) ആകട്ടെ തങ്ങളുടെ 299 രൂപയുടെ ബേസ് പ്ലാൻ നിലനിർത്താൻ തീരുമാനിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിപണി വിഹിതം പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങളായാണ് ഇതിനെ വിദ​ഗ്ധർ വിലയിരുത്തുന്നത്.

കമ്പനികളുടെ പുതിയ നീക്കങ്ങൾ

  • റിലയൻസ് ജിയോ: 299 രൂപയുടെ പ്ലാൻ (28 ദിവസത്തേക്ക് പ്രതിദിനം 1.5GB ഡാറ്റ) തുടരുന്നതിന് പുറമെ, 300 രൂപയുടെ ഒറ്റത്തവണ 'ജിയോ പ്രൈം' (Jio Prime) അംഗത്വവും ജിയോ തിരികെ കൊണ്ടുവന്നു. പ്രൈം സബ്‌സ്‌ക്രൈബർമാർക്ക് ഭാവിയിലുണ്ടാകുന്ന നിരക്ക് വർധനകളിൽ നിന്ന് സംരക്ഷണം ലഭിക്കും. ഇതോടൊപ്പം പ്രയോറിറ്റി സപ്പോർട്ട്, ജിയോ ഹോം/പി.സി കണക്ഷനുകൾക്കുള്ള ക്യാഷ്ബാക്ക് വൗച്ചറുകൾ എന്നിവയും ലഭിക്കും.

  • ഭാരതി എയർടെൽ: എൻട്രി ലെവൽ 299 രൂപ (പ്രതിദിനം 1GB ഡാറ്റ, 28 ദിവസം) പ്ലാൻ എയർടെൽ നിർത്തലാക്കി. ഉപഭോക്താക്കൾ ഇനി പ്രതിദിനം 1.5GB ഡാറ്റ നൽകുന്ന 349 രൂപയുടെ പ്ലാനിലേക്ക് മാറേണ്ടിവരും. ഇത് ഏകദേശം 16.7 ശതമാനം നിരക്ക് വർധനയ്ക്ക് തുല്യമാണ്.

  • വി.ഐ: വോഡഫോൺ ഐഡിയ (Vi) ഇപ്പോഴും 299 രൂപയുടെ പ്ലാൻ (പ്രതിദിനം 1GB ഡാറ്റ) നിലനിർത്തുന്നുണ്ട്. എയർടെൽ ബേസ് പ്ലാനുകളുടെ നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ ഒരു വിഭാ​ഗം എയർടെൽ ഉപഭോക്താക്കൾ എങ്കിലും വി.ഐയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ. സെപ്റ്റംബർ സാമ്പത്തിക പാദത്തിൽ ഉപഭോക്താക്കളെ തിരികെ പിടിച്ച വി.ഐക്ക് ഈ സാഹചര്യം അനുകൂലമായേക്കാം.

പ്ലാനുകൾക്ക് പിന്നിലെ തന്ത്രങ്ങൾ

ഐ.പി.ഒയും ജിയോയുടെ വിപണി പിടിച്ചെടുക്കലും: വരാനിരിക്കുന്ന പ്രാഥമിക പൊതു ഓഹരി വിൽപ്പനയ്ക്ക് (IPO) മുന്നോടിയായി വിപണി വിഹിതവും ഉപഭോക്താക്കളുടെ എണ്ണവും വർധിപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. നിലവിൽ താരീഫ് നിരക്കുകൾ ഉയർത്താതെ അധിക ഓഫറുകൾ നൽകുന്നത് വഴി കൂടുതൽ വരിക്കാരെ ആകർഷിക്കാനാണ് ജിയോയുടെ ശ്രമം.

എയർടെല്ലിന്റെ ശരാശരി വരുമാന ലക്ഷ്യം: ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജൂൺ സാമ്പത്തിക പാദത്തിൽ (Q1 FY27) എയർടെല്ലിന്റെ എ.ആർ.പി.യു 264 രൂപയായിരുന്നു (ജിയോ: ₹215.8, വിഐ: ₹177). ഇത് ഉടൻ 300 രൂപയിലേക്കും തുടർന്ന് 350 രൂപയിലേക്കും എത്തിക്കുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

അതേസമയം ജൂൺ പാദത്തിനൊടുവിലെ കണക്കനുസരിച്ച് 53.3 കോടി വരിക്കാരുമായി റിലയൻസ് ജിയോ ഒന്നാമതും, 49.2 കോടി വരിക്കാരുമായി എയർടെൽ രണ്ടാമതുമാണ് ഉള്ളത്. വരുന്ന ഡിസംബറോടെ ടെലികോം മേഖലയിലാകെ പൊതുവായ ഒരു നിരക്ക് വർധന ഉണ്ടാകുമെന്നാണ് അനലി​സ്റ്റുകളുടെ നി​ഗമനം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com