Begin typing your search above and press return to search.
ബേബി പൗഡര്‍ കാരണം കാന്‍സര്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് ₹154 കോടി പിഴ
കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ടാല്‍ക് പൗഡറുകള്‍ (Talc Powder) നിര്‍മ്മിക്കുന്ന പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് (Johnson&Johnson) 1.88 കോടി ഡോളര്‍ (154 കോടി രൂപ) പിഴ വിധിച്ച് കാലിഫോര്‍ണിയ സംസ്ഥാനത്തെ ഓക്‌ലന്‍ഡിലുള്ള പാപ്പരത്ത കോടതി (Bankruptcy court).
24കാരന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. ചെറുപ്പംതൊട്ടേ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് ഹൃദയത്തെ ബാധിക്കുന്ന മീസോതെലിയോമ (Mesothelioma) എന്ന മാരക കാന്‍സറിന് കാരണമായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സമാന വിഷയത്തില്‍ ഏതാനും വര്‍ഷങ്ങളായി നേരിടുന്ന പതിനായിരിക്കണക്കിന് കേസുകളില്‍ ഒടുവിലത്തേതാണിതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, കമ്പനിയുടെ പൗഡറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന ലാബ് റിപ്പോര്‍ട്ടുകളുണ്ടെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതികരിച്ചു.
ഇതുവരെയുള്ള സമാന കേസുകള്‍ തീര്‍പ്പാക്കാന്‍ മാത്രം 450 കോടി ഡോളര്‍ (37,000 കോടി രൂപ) ചെലവായിട്ടുണ്ടെന്ന് കമ്പനി അടുത്തിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേസുകള്‍ തിരിച്ചടിയായതോടെ പാപ്പരത്ത (Bankruptcy) നടപടികള്‍ തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉപകമ്പനിയായ എല്‍.ടി.എല്‍ മാനേജ്‌മെന്റ് ന്യൂ ജേഴ്‌സിയിലെ (New Jersey) ട്രെന്റണിലുള്ള (Trenton) കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 38,000ഓളം കേസുകള്‍ തീര്‍പ്പാക്കാനും തുടര്‍ന്നും സമാന കേസുകള്‍ സമര്‍പ്പിക്കപ്പെടുന്നത് തടയാനുമായി 890 കോടി ഡോളര്‍ (73,000 കോടി രൂപ) നീക്കിവയ്ക്കാമെന്നും കോടതിയെ കമ്പനി അറിയിച്ചിരുന്നു.
കമ്പനിക്കെതിരായ ഒട്ടുമിക്ക കേസുകളിന്മേലുമുള്ള തുടര്‍ നടപടികള്‍ കോടതികള്‍ നിറുത്തിവച്ചിരിക്കുകയാണ്. എന്നാല്‍, 24കാരന്‍ നല്‍കിയ കേസില്‍ കോടതി അതിവേഗം തീരുമാനമെടുക്കുകയായിരുന്നു. അദ്ദേഹത്തിന് ഇനി അധികകാലം ആയുസ്സുണ്ടാവില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരുന്നു ഇത്.
Next Story
Videos