

റിന്യൂവബ്ള്‍ രംഗത്ത് 10,530 കോടി രൂപയുടെ പുതിയ ഏറ്റെടുക്കലുമായി ജെഎസ്ഡബ്ല്യു എനര്‍ജിയുടെ (JSW Energy) പൂര്‍ണ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു നിയോ എനര്‍ജി. മൈത്ര എനര്‍ജി (Mytrah Energy) (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 1,753 മെഗാവാട്ട് റിന്യൂവബിള്‍ എനര്‍ജി ഉല്‍പ്പാദന ശേഷിയുടെ പോര്‍ട്ട്‌ഫോളിയോയാണ് ജെഎസ്ഡബ്ല്യു എനര്‍ജി ഏറ്റെടുക്കുന്നത്.
ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഇടപാട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരത്തിനും മറ്റ് മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
1,331 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള 10 വിന്‍ഡ് എസ്പിവികളും 422 മെഗാവാട്ട് (487 മെഗാവാട്ട് ഡിസി) ഉല്‍പ്പാദന ശേഷിയുള്ള 7 സോളാര്‍ എസ്പിവികളുമാണ് മൈത്ര എനര്‍ജിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നത്.
ജെഎസ്ഡബ്ല്യു എനര്‍ജി ആരംഭിച്ചതിന് ശേഷം നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ നിലവിലെ പ്രവര്‍ത്തന ഉല്‍പ്പാദന ശേഷി 35 ശതമാനം വര്‍ധിച്ച് 4,784 മെഗാവാട്ടില്‍ നിന്ന് 6,537 മെഗാവാട്ടിലേക്ക് കുതിച്ചുയരുമെന്ന് കമ്പനി പറഞ്ഞു.
ഇന്ന് ഓഹരി വിപണിയില്‍ 2.5 ശതമാനം ഉയര്‍ന്ന ജെഎസ്ഡബ്ല്യു എനര്‍ജി 319.35 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine