Begin typing your search above and press return to search.
ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് ബിരിയാണി വിപണിയിലേക്ക്
ഡൊമിനോയുടെ പിസ്സ, ഡങ്കിന്‍ ഡോണട്ട്‌സ് റെസ്‌റ്റോറന്റുകള്‍ നടത്തുന്ന ജെഎഫ്എല്‍ ബിരിയാണി വില്‍ക്കുന്ന പുതിയ റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 'എക്ദം!' (Ekdum) എന്ന പേരില്‍ ബിരിയാണി വില്‍ക്കാനാണ് തീരുമാനം.
അരി അടിസ്ഥാനമാക്കിയുള്ള വിഭവത്തിന്റെ ജനപ്രീതി മുതലാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 99 രൂപ മുതല്‍ ബിരിയാണി ലഭ്യമാക്കാനാണ് പദ്ധതി.
ഗുഡ്ഗാവിലെ മൂന്ന് റെസ്‌റ്റോറന്റുകളില്‍ പുതിയ സംരംഭം തുടക്കമിടും. ഡെലിവറി, ടേക്ക്അവേ, ഡൈന്‍ ഇന്‍ സര്‍വീസുകള്‍ ഉണ്ടാകും.
അടുത്ത ഏതാനം മാസങ്ങളില്‍ ഡല്‍ഹി എന്‍സിആറില്‍ കൂടുതല്‍ റെസ്‌റ്റോറന്റുകള്‍ തുടങ്ങുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവ വഴിയും ബിരിയാണി ഓര്‍ഡര്‍ ചെയ്യുവാന്‍ സാധിക്കും.
'ഏക്ദം!' കബാബുകള്‍, കറികള്‍, റൊട്ടി, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയും ഈ റെസ്‌റ്റോറന്റുകളില്‍ ലഭ്യമാക്കും.
ജെഎഫ്എല്ലിന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ 281 നഗരങ്ങളിലായി 1,264 ഡൊമിനോ പിസ്സ റെസ്‌റ്റോറന്റുകള്‍ നിലവിലുണ്ട്. കൂടാതെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ 26 ഡങ്കിന്‍ ഡോണട്ട്‌സ് റെസ്‌റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നു.
പോര്ട്ട്‌ഫോളിയൊ വിപുലീകരണത്തിന്റെ തന്ത്രത്തിന് അനുസൃതമായി, ബിരിയാണി വിഭാഗത്തിലെ തങ്ങളുടെ പുതിയ സംരംഭമായ 'എക്ദം!' അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജെഎഫ്എല്‍ ചെയര്‍മാന്‍ ശ്യാം എസ് ഭാരതിയയും കോചെയര്‍മാന്‍ ഹരി എസ് ഭാരതിയയും പ്രസ്താവനയില്‍ പറഞ്ഞു.
ഈ വിഭാഗത്തില്‍ കമ്പനി ശക്തമായ സാധ്യതകള്‍ കാണുന്നുണ്ടെന്നും വ്യത്യസ്തമായ വിപണന തന്ത്രങ്ങളിലൂടെ 'എക്ദം!' വിപണിയില്‍ ശക്തമായ സ്ഥാനം സൃഷ്ടിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
സോമാറ്റോ, സ്വിഗ്ഗി എന്നിവ പോലുള്ള ഭക്ഷ്യ ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും പ്രചാരമുള്ള വിഭവമാണ് ബിരിയാണി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവമായി ബിരിയാണി തുടരുന്നുവെന്ന് സ്വിഗ്ഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ഭക്ഷ്യ സേവന കമ്പനി ഹോങ്‌സ് കിച്ചന്‍ ആരംഭിച്ചതോടെ കാഷ്വല്‍ ചൈനീസ് ഡൈനിംഗിലേക്കുള്ള യാത്ര ജെഎഫ്എല്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് നഗരങ്ങളിലായി അഞ്ച് റെസ്‌റ്റോറന്റുകള്‍ ഈ ബ്രാന്‍ഡിനുണ്ട്. കോവിഡ് മൂലം വീട്ടില്‍ ആഹാരം പാകം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചത് മുതലെടുക്കാനായി കഴിഞ്ഞ ഓഗസ്റ്റില്‍ ഷെഫ് ബോസ് ബ്രാന്‍ഡിന് കീഴില്‍ റെഡി ടു കുക്ക് സോസുകള്‍, ഗ്രേവികള്‍, പേസ്റ്റ് മാര്‍ക്കറ്റുകള്‍ എന്നിവയും കമ്പനി വിപണിയില്‍ ഇറക്കിയിരുന്നു.
Next Story
Videos