ജ്യോതി ലാബ്‌സ് ഓഹരികളില്‍ 20% മുന്നേറ്റം; ആവേശമായത് ജൂണ്‍ പാദ ലാഭക്കുതിപ്പ്

മലയാളിയായ എം.പി രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഫ്.എം.സി.ജി (വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) സ്ഥാപനമായ ജ്യോതി ലാബ്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 101.6% വളര്‍ച്ചയോടെ 96.25 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 47.43 കോടി രൂപയായിരുന്നു ലാഭം.

ആദ്യപാദത്തില്‍ വരുമാനം 15% ശതമാനം വളര്‍ച്ചയോടെ 687 കോടി രൂപയായി. മുന്‍വര്‍ഷം സമാനകാലയളവിലിത് 597.20 കോടി രൂപയായിരുന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 59.8 കോടി രൂപയില്‍ നിന്ന് 96% ഉയര്‍ന്ന് 117 കോടി രൂപയായതായും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ ഫയലിംഗില്‍ ജ്യോതി ലാബ്‌സ് വ്യക്തമാക്കി. ലാഭ മാര്‍ജിന്‍ 17.1 ശതമാനമാണ്.
20% ഉയര്‍ന്ന് ഓഹരി വില

പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിന് പിന്നാലെ ജ്യോതി ലാബ്‌സ് ഓഹരി വില ഇന്ന് കുതിച്ചു കയറി. രാവിലെ 244.35 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി 20% ഉയര്‍ന്ന് 290 രൂപയായി. ഓഹരി ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഒരു വര്‍ഷക്കാലയളവില്‍ 70 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ വളര്‍ച്ച 40 ശതമാനവും.

Related Articles
Next Story
Videos
Share it