

പ്രമുഖ എഫ്.എം.സി.ജി (FMCG) കമ്പനിയായ ജ്യോതി ലാബ്‌സിന് ജനപ്രിയ ബ്രാന്‍ഡുകളായ 'പ്രിലി'ന്റെയും (Pril) 'ഫാ'യുടെയും (Fa) ലൈസന്‍സ് നഷ്ടമാകുന്നു. 2026 മെയ് 31-ന് ശേഷം ഈ ബ്രാന്‍ഡുകള്‍ക്കുള്ള ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് ജര്‍മന്‍ ഹെന്‍കല്‍ (Henkel) തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഈ സാഹചര്യത്തില്‍ കമ്പനി പുതിയ വളര്‍ച്ചാ തന്ത്രങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് സ്റ്റോറ്റ്ക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയി റിപ്പോര്‍ട്ടില്‍ ജ്യോതി ലാബ്‌സ് അറിയിച്ചു.
2011-ല്‍ ഹെന്‍കലിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്തതു മുതല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രില്‍, ഫാ ബ്രാന്‍ഡുകളെ ഇന്ത്യന്‍ വിപണിയില്‍ വളര്‍ത്തിയെടുത്തത് ജ്യോതി ലാബ്‌സാണ്. നിശ്ചിത കാലയളവിലേക്കുള്ള ലൈസന്‍സ് കരാറുകളുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഈ ബ്രാന്‍ഡുകള്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് മാറും. എങ്കിലും ഹെന്‍കോ (Henko), മിസ്റ്റര്‍ വൈറ്റ് (Mr. White) എന്നീ ബ്രാന്‍ഡുകള്‍ റോയല്‍റ്റിയില്ലാത്ത 'പെര്‍പെച്വല്‍ ലൈസന്‍സ്' (Perpetual Licence) കരാറില്‍ ജ്യോതി ലാബ്‌സിനൊപ്പം തന്നെ തുടരും.
കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള മാര്‍ഗോ (Margo), നീം ടൂത്ത് പേസ്റ്റ് (Neem Toothpaste), തുഹിന (Tuhina), ചെക്ക് (Chek) എന്നീ ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ല. ഭാവിയില്‍ സ്വന്തം ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് ജ്യോതി ലാബ്‌സിന്റെ നീക്കം.
ലിക്വിഡ് ഡിഷ് വാഷ് വിഭാഗത്തില്‍ പ്രില്ലിനുണ്ടായിരുന്ന സ്വാധീനം നികത്താന്‍ കമ്പനി സ്വന്തം ബ്രാന്‍ഡായ 'എക്‌സോ'യെ (Exo) കൂടുതല്‍ കരുത്തുറ്റതാക്കും. 2005-06 മുതല്‍ കമ്പനിയുടെ ഭാഗമായ എക്‌സോ ലിക്വിഡിന് ഇനിമുതല്‍ കൂടുതല്‍ നിക്ഷേപവും തന്ത്രപരമായ പ്രാധാന്യവും നല്‍കി ഒരു സമ്പൂര്‍ണ ഡിഷ്വാഷ് ബ്രാന്‍ഡായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മൊത്തം ബിസിനസില്‍ 'ഫാ' ബ്രാന്‍ഡിന്റെ വിഹിതം പരിമിതമായതിനാല്‍ അതിന്റെ പിന്‍വാങ്ങല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
പ്രില്ലിന്റെ ലൈസന്‍സ് അവസാനിക്കുന്നത് ഹ്രസ്വകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തെയും ലാഭത്തെയും ബാധിച്ചേക്കാമെങ്കിലും വിപുലമായ വിതരണ ശൃംഖലയും ഉത്പാദന ശേഷിയും ഉപയോഗിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കമ്പനി ഓഹരി ഉടമകളെ അറിയിച്ചു.
കമ്പനിയുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളവയായതിനാല്‍, ഈ മാറ്റം ഉല്‍പാദന മേഖലയെ തളര്‍ത്തില്ലെന്നും ഉത്തരവാദിത്തപരമായ രീതിയില്‍ ഈ പരിവര്‍ത്തന ഘട്ടത്തെ മറികടക്കാനും വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനും സാധിക്കുമെന്നും ജ്യോതി ലാബ്‌സ് സി.എം.ഡി എം. ആര്‍. ജ്യോതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ന് ജ്യോതിലാബ്‌സ് ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞ് 234 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു മാസക്കാലത്തില്‍ 7 ശതമാനത്തോളം ലാഭം നല്‍കിയിട്ടുള്ള ഓഹരിയാണ്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷക്കാലതത്തില്‍ 15 ശതമാനമാണ് ഓഹരിയുടെ ഇടിവ്.
Jyothy Labs' shares faced a downturn following the announcement that its long-standing licensing agreement with Henkel for the Pril and Fa brands will conclude in May 2026
Read DhanamOnline in English
Subscribe to Dhanam Magazine