'കെ സ്വിഫ്റ്റ് ' റെഡി; വ്യവസായ അനുമതി 5 മിനിറ്റിനുള്ളില്‍

'കെ സ്വിഫ്റ്റ് ' റെഡി; വ്യവസായ അനുമതി 5 മിനിറ്റിനുള്ളില്‍
Published on

സംസ്ഥാനത്ത് 10 കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായം തുടങ്ങാന്‍ 5 മിനിറ്റിനകം ഓണ്‍ലൈന്‍ അനുമതി ലഭ്യമാക്കുന്ന വ്യവസായ വകുപ്പിന്റെ പുതുക്കിയ 'കെസ്വിഫ്റ്റ്' പൂര്‍ണ്ണ സജീവം. മുന്‍കൂര്‍ അനുമതി എടുക്കാതെ സംരംഭം ആരംഭിക്കാന്‍ കഴിയുന്ന 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമപ്രകാരമുള്ള നടപടികളാണ് പുതുക്കിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്രെകട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയില്‍ 52,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. 4,500 കോടി രൂപ ഈ രംഗത്ത് മുതല്‍ മുടക്കിയിട്ടുണ്ട്.  രണ്ടു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ ഇതിലുടെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസംസ്‌കരണം, വീട്ടുപകരണങ്ങളുടെ നിര്‍മ്മാണം, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' എന്ന പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ നിയമം അനുസരിച്ചു സംരംഭം തുടങ്ങാന്‍ നോഡല്‍ ഏജന്‍സിയായ ജില്ലാ ബോര്‍ഡ് മുന്‍പാകെ ഒരു സ്വയം സാക്ഷ്യപത്രം നല്‍കണം. ഇതിനു പകരം ബോര്‍ഡ് ഒരു കൈപ്പറ്റ് രസീത് നല്‍കും. ഈ രസീത് കിട്ടിക്കഴിഞ്ഞാല്‍ സംരംഭം തുടങ്ങാം.

കെ സ്വിഫ്റ്റിലൂടെ തന്നെ സാക്ഷ്യപത്രം നല്‍കി,  ഈ കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യമാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ കെസ്വിഫ്റ്റിലൂടെ സ്വയം സാക്ഷ്യപത്രം സമര്‍പ്പിക്കാം. കെ സ്വഫ്റ്റിലൂടെ അപ്പോള്‍ തന്നെ കൈപ്പറ്റു രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇതിന് മൂന്ന് വര്‍ഷം പ്രാബല്യം ഉണ്ടാകും. പ്രസ്തുത കാലാവധി അവസാനിച്ച്, 6 മാസത്തിനുള്ളില്‍ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതികള്‍ വാങ്ങിയാല്‍ മതി. അതും കെ സ്വഫ്റ്റിലൂടെ തന്നെ അനായാസം നിര്‍വഹിക്കാം.

സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ സംരംഭകനില്‍ നിന്ന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. 11 മാസത്തിനിടെ കെസ്വിഫ്റ്റ് വഴി 1011 സംരംഭകര്‍ റജിസ്റ്റര്‍ ചെയ്തതായി മന്ത്രി ജയരാജന്‍ അറിയിച്ചു. ഇതില്‍ 496 പേരാണ് കോമണ്‍ അപ്ലിക്കേഷന്‍ ഫോര്‍മാറ്റ് പൂര്‍ത്തീകരിച്ചത്. ഇതില്‍ 232 പേര്‍ക്ക് അനുമതി നല്‍കി. ബാക്കി 264 അപേക്ഷകളിന്മേല്‍ വിവിധ വകുപ്പുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്. വെബ്‌സൈറ്റ്: kswift.kerala.gov.in

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com