സോണി ലൈവിൽ ഹൗസ് ഫുള്ളായി കാണെക്കാണെ; ഹാട്രിക് ഹിറ്റ് തിളക്കത്തിൽ ഈ യുവ സിനിമാ നിർമാതാവ്

ഒടിടി പ്ലാറ്റ്‌ഫോമായ സോണിലൈവിന്റെ ആദ്യ മലയാളം ഒറിജിനല്‍ കണ്ടന്റ്, കാണെക്കാണെ ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച് സൂപ്പര്‍ ഹിറ്റാവുമ്പോള്‍ കൃത്യമായി ഹോംവര്‍ക്ക് ചെയ്ത് പരീക്ഷയ്ക്കിരുന്ന് നല്ല മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിയുടെ നിറഞ്ഞ മനസ്സോടെ ഒരാളുണ്ട്. കാണെക്കാണെയുടെ നിര്‍മാതാവ് ടി ആര്‍ ഷംസുദ്ധീന്‍. ഡ്രീംകാച്ചര്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ച കാണെക്കാണെ ഹിറ്റായപ്പോള്‍ നിര്‍മിച്ച മൂന്ന് സിനിമകളും ഹിറ്റെന്ന് നേട്ടമുണ്ട് ഷംസുദ്ധീന്റെ കണക്കുപുസ്തകത്തില്‍. ''പക്ഷേ തൊട്ടതെല്ലാം പൊന്നാക്കിയ നിര്‍മാതാവ് എന്നൊന്നും പറയാനാകില്ല. ലക്ഷക്കണക്കിന് രൂപ ബ്ലോക്കായി പോയ ഉപേക്ഷിക്കപ്പെട്ട നിരവധി പ്രോജക്റ്റുകളും ഇതിനിടെയുണ്ട്,'' ഷംസുദ്ധീന്‍ പറയുന്നു.

ഇപ്പോള്‍ സോണിലൈവിന്റെ മികച്ച വ്യൂവര്‍ഷിപ്പുള്ള ഒറിജിനല്‍ കണ്ടന്റില്‍ മുന്‍നിരയിലാണ് കാണക്കാണെ. സിനിമ കണ്ടവരില്‍ 75 ശതമാനം പേരും കേരളീയരല്ലെന്ന് സോണിലൈവ് പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയ വിവരത്തില്‍ പറയുന്നു. ''മലയാളം കണ്ടന്റിന് ആഗോളതലത്തില്‍ വ്യൂവര്‍ഷിപ്പ് കുറവാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഞങ്ങള്‍ക്കിതിലൂടെ മനസ്സിലാകുന്നത്. ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയ സോണിലൈവ് ഹാപ്പിയാണ്. പ്രേക്ഷകര്‍ ഹാപ്പിയാണ്. കേരളത്തിലെ ക്രിയേറ്റേഴ്‌സിനുള്ള അവസരങ്ങളിലേക്കുള്ള വ്യക്തമായ സൂചന കൂടിയാണിത്,'' ഷംസുദ്ധീന്‍ പറയുന്നു.
കൃത്യമായ ആസൂത്രണം, വേറിട്ട ബിസിനസ് മോഡല്‍
കേരളത്തില്‍ എന്‍ജിനീയറിംഗ് കോളെജ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനാണ് ഷംസുദ്ധീന്‍. എന്‍ജിനീയറിംഗ് പഠിച്ചവര്‍ ജോലി തേടി നടക്കുന്ന പ്രായത്തില്‍, 24ാം വയസില്‍ തുടങ്ങിയ എന്‍ജിനീയറിംഗ് കോളെജ് ഉദ്ഘാടനത്തിന് രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിനെ കേരളത്തിലെത്തിക്കുകയും ചെയ്തു.

പിന്നീട് രണ്ട് എന്‍ജിനീയറിംഗ് കോളെജുകള്‍ ആരംഭിച്ചെങ്കിലും അതില്‍ നിന്നെല്ലാം കൃത്യമായ സമയത്ത് പിന്മാറി. ''സമൂഹത്തില്‍ പരിഹരിക്കപ്പെടേണ്ട ഒരു യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി അത് പരിഹരിക്കാന്‍ പാഷനേറ്റായി പ്രവര്‍ത്തിക്കുകയാണ് ഒരു സംരംഭകന്‍ ചെയ്യേണ്ടത്. ഞാനും അതാണ് ചെയ്തത്. പക്ഷേ, ഏതൊരു ബിസിനസ് ആശയത്തോടും അമിത വൈകാരികത പാടില്ല. എക്‌സിറ്റ് ചെയ്യേണ്ട വേളയില്‍ ചെയ്തിരിക്കണം. ആ തീരുമാനം വൈകിച്ച് സാമ്പത്തിക ബാധ്യത ഉണ്ടാക്കരുത്,'' ഷംസുദ്ധീന്റെ ഫിലോസഫി ഇതാണ്; സിനിമാ നിര്‍മാതാവ് എന്ന നിലയിലും.

മുന്നോട്ട് പോയാല്‍ പരാജയപ്പെടുമെന്ന് തോന്നുന്ന പ്രോജക്റ്റുകളില്‍ നിന്ന് ഇറക്കിയ പണത്തെ കുറിച്ചോര്‍ക്കാതെ വിട്ടുപോകാറുണ്ട് ഈ നിര്‍മാതാവ്.

''മസ്റ്റ് വാച്ച് ത്രില്ലര്‍ മൂവി' എന്നാണ് കാണെക്കാണെയേയുടെ റിവ്യൂകള്‍ പലതും പറയുന്നത്. ബോബി - സഞ്ജയ് എഴുതിയ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറുംമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിച്ച കാണെക്കാണെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്.

കോവിഡ് കാലത്ത് ആലോചിച്ച ഈ എന്ന സിനിമയിലും വേറിട്ടൊരു ബിസിനസ് മോഡലാണ് ഷംസുദ്ധീന്‍ പരീക്ഷിച്ചത്. ''പ്രോജക്റ്റുമായി സഹകരിക്കുന്ന മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകളുടെ വേതനമാണ് സിനിമയുടെ പ്രാരംഭ ചെലവുകളില്‍ പ്രധാനം. പ്രാരംഭഘട്ടത്തില്‍ ഈ ചെലവ് ചുരുക്കാന്‍ സിനിമ പുറത്തിറങ്ങിയ ശേഷം വേതനം നല്‍കുന്ന ഒരു ധാരണയിലാണ് സിനിമ തുടങ്ങിയത്. മികച്ച കണ്ടന്റ് നല്‍കിയാല്‍ അത് പണം കൊടുത്ത് കാണാന്‍ ഇവിടെ ആളുണ്ടാകുമെന്ന ഉറപ്പ് ഞങ്ങളുടെ ടീമിന് ഉണ്ടായിരുന്നു. അതുകൊണ്ട് തിയേറ്റര്‍ റിലീസ്, ഒടിടി പ്ലാറ്റ്‌ഫോം അന്വേഷണം ഒന്നുംതന്നെ ആദ്യഘട്ടത്തില്‍ നോക്കിയില്ല. പാതിവെന്ത പാകത്തില്‍ ഈ സിനിമ ആരെയും കാണിച്ചിട്ടില്ല. എല്ലാ ജോലികളും തീര്‍ത്തശേഷമാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കത്തയച്ചു തന്നെ. സോണിലൈവ് അതിവേഗം പ്രതികരിച്ചു. അവര്‍ സിനിമ കണ്ടു. ഇഷ്ടമായി എടുത്തു. ഒടിടി റൈറ്റ്‌സ് വില്‍പ്പന നടന്നതോടെ തന്നെ ഈ സിനിമയും ബ്രേക്ക് ഈവനായി,'' ഷംസുദ്ധീന്‍ പറയുന്നു. കോവിഡ് കാലത്തെ ഒരു മുറിക്കുള്ളില്‍ ഒതുങ്ങുന്ന പ്രോജക്റ്റുകളില്‍ നിന്ന് മാറി വിവിധ ലൊക്കേഷനുകളില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് സിനിമ ചിത്രീകരിച്ചത്.

''കൃത്യമായ ആസൂത്രണം, ടീമംഗങ്ങള്‍ക്ക് സംതൃപ്തിയോടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന അന്തരീക്ഷം ഇതുമാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. ഏതൊരു ബിസിനസിലും വിജയം തീരുമാനിക്കുന്ന ഘടകവും ഇതാണ്,'' ഷംസുദ്ധീന്‍ പറയുന്നു.
മികച്ച കണ്ടന്റിന് ആഗോള സ്വീകാര്യത
ഇപ്പോള്‍ മലയാളത്തിലെ ഒറിജിനല്‍ കണ്ടന്റിന്റെ വ്യൂവര്‍ഷിപ്പ് ആഗോളതലത്തിലാണെന്ന് പറയുന്നു ഷംസുദ്ധീന്‍. ''ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തെവിടെയും ഇരുക്കുന്നവരുടെ മുന്നിലേക്ക് നമുക്കിപ്പോള്‍ കണ്ടന്റുമായി കടന്നെത്താം. അതുകൊണ്ട് മികച്ച കണ്ടന്റ് അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റ് ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. സിനിമ ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. കാണെക്കാണെയുടെ ടീം ഒന്നാകെ ആസ്വദിച്ചാണ് ഇത് ചെയ്തത്. ഈ സിനിമയുടെ ആശയഘട്ടം മുതല്‍ ഇതില്‍ മികച്ച പ്രതീക്ഷയുണ്ടായിരുന്നു. ഇതുപോലെ കണ്ടന്റ് ഓറിയന്റായ പ്രോജക്ടുകള്‍ ഭാവിയിലും ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഈ രംഗത്ത് ഫണ്ടിനല്ല കുറവ് മറിച്ച് മികച്ച കണ്ടെന്റിനാണ്. ക്രിയേറ്റീവ് മനസ്സുകളുണ്ടെങ്കില്‍ മികച്ച പ്രോജക്റ്റുകള്‍ ഫണ്ടിന്റെ ദൗര്‍ലഭ്യമില്ലാതെ തന്നെ നടത്താവുന്ന സാഹചര്യം ഇപ്പോഴുണ്ട്,'' ഷംസുദ്ധീന്‍ പറയുന്നു.

ചതിക്കുഴികള്‍ ഏറെയുള്ള, തട്ടിപ്പ് നടക്കുന്ന മേഖല കൂടിയായതിനാല്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ അനുഭവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ പറഞ്ഞുനല്‍കാനും ഷംസുദ്ധീന്‍ തയ്യാറാണ്.


Related Articles
Next Story
Videos
Share it