വിറ്റുവരവില്‍ 104 ശതമാനം വളര്‍ച്ച, ജൂണ്‍ പാദത്തില്‍ മുന്നേറി കല്യാണ്‍ ജൂവലേഴ്‌സ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മുന്നേറ്റവുമായി കല്യാണ്‍ ജൂവലേഴ്‌സ്. ജൂണ്‍ പാദത്തിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 3333 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1637 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) മുന്‍വര്‍ഷത്തെ 69 കോടി രൂപയില്‍നിന്ന് 264 കോടി രൂപയായും ഉയര്‍ന്നു.

കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ 51 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ ഏകീകൃത ലാഭം 108 കോടി രൂപയായാണ് ഉയര്‍ന്നത്. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റുവരവ് 2719 കോടി രൂപയായി. മുന്‍വര്‍ഷമിന് 1274 കോടി രൂപയായിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള ഏകീകൃത ലാഭം മുന്‍വര്‍ഷം ഇതേ പാദത്തിലെ 45 കോടി രൂപയുടെ നഷ്ടത്തില്‍നിന്ന് 95 കോടി രൂപയുമായി.

ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ ഒന്നാം പാദ വിറ്റുവരവില്‍ 83 ശതമാനം വളര്‍ച്ച നേടി. ഗള്‍ഫിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റുവരവ് 340 കോടിയില്‍ നിന്നും 574 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എബിറ്റ്ഡ 18 കോടിയില്‍ നിന്നും 47 കോടിയിലേക്ക് വളര്‍ന്നു. ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഗള്‍ഫിലെ വ്യാപാരത്തില്‍ നിന്നുള്ള ഏകീകൃത ലാഭം 14 കോടി രൂപ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 9 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതിനോടകം കമ്പനി നാല പുതിയ ഷോറൂമുകളാണ് തുറന്നത്. അതില്‍ മൂന്നെണ്ണം ഇന്ത്യയിലും ഒരെണ്ണം ഗള്‍ഫ് മേഖലയിലുമാണ്.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്‍കുന്നതായിരുന്നെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഉത്സവകാലവും വിവാഹ സീസണും അനുബന്ധിച്ചു വിപണിയില്‍ നല്ല ഉണര്‍വ് പ്രകടമാണെന്നും നിലവിലെ പാദത്തില്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മികച്ച പ്രവര്‍ത്തനഫലത്തിന് പിന്നാലെ രണ്ട് ദിവസമായി ഓഹരി വിപണിയില്‍ തിളങ്ങുകയാണ് കല്യാണ്‍ ജുവലേഴ്‌സ്. രണ്ട് ദിവസത്തിനിടെ ഓഹരി വില ഏഴ് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. അഞ്ച് ദിവസത്തിനിടെ 10.5 ശതമാനത്തിന്റെ നേട്ടവും ഈ കേരള കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇന്ന് രാവിലെ 10.45ന് മൂന്ന് ശതമാനം ഉയര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി 71.80 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.

Related Articles
Next Story
Videos
Share it