പലിശ തിരിച്ചടവ് ഉള്‍പ്പടെ മുടങ്ങി; നഷ്ടം ഇരട്ടിയാക്കി കണ്ണൂര്‍ വിമാനത്താവളം
61 ശതമാനത്തിന്റെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്
2020-21 സാമ്പത്തിക വര്‍ഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (KIAL -കിയാല്‍) നഷ്ടത്തില്‍ ഇരട്ടിയോളം വര്‍ധനവ്. 185 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ നഷ്ടം. 2019-20ല്‍ 95.04 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു വിമാനത്താവളം.
ഒരു വര്‍ഷം കൊണ്ട് നഷ്ടത്തില്‍ 89.96 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് കമ്പനിയുടെ ആകെ നഷ്ടം 324.54 കോടി രൂപയാണ്. കോവിഡിനെ തുടര്‍ന്ന് 2020-21 കാലയളവില്‍ കിയാലിന്റെ വരുമാനം 61 ശതമാനം ഇടിഞ്ഞിരുന്നു. മുന്‍വര്‍ഷം 115.9 കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇക്കാലയളിവില്‍ വെറും 44.77 കോടി രൂപ മാത്രമാണ് നേടാനായത്.
89.05 കോടി രൂപയാണ് ഇക്കാലയളവില്‍ പലിശ ഇനത്തില്‍ കിയാലിന് ചെലവായത്. 951.67 കോടി രൂപയിലധികമാണ് കിയാലിന്റെ ബാധ്യത. വരുമാനത്തിന്റെ ഇരട്ടിയാണ് പലിശ ഇനത്തില്‍ കമ്പനിക്ക് ഉണ്ടായ ചെലവ്. ഇക്കാലയളവില്‍ 28 കോടിയുടെ പലിശ തിരിച്ചടക്കുന്നതില്‍ കിയാല്‍ വീഴ്ച വരുത്തിയിരുന്നു. 228.76 കോടി രൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷം കിയാലിന്റെ ആകെ ചെലവ്.