മില്‍മയുമായുള്ള പോരിനിടെ പാല്‍വില കൂട്ടാന്‍ നന്ദിനി

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) കീഴിലുള്ള നന്ദിനി പാൽ വില ഓഗസ്റ്റ് ഒന്ന് മുതൽ ലിറ്ററിന് മൂന്നു രൂപ കൂട്ടാനൊരുങ്ങുന്നു. ഇതോടെ ഒരുലിറ്റര്‍ പാലിന്റെ വില 39 രൂപയില്‍ നിന്ന് 42 രൂപയായി ഉയരും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സഹകരണ മന്ത്രി കെ.എന്‍ രാജണ്ണയും കെ.എം.എഫ് പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. അതെസമയം വിലവര്ധനയ്ക്ക് മന്തിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്‌.

മിൽമയ്ക്ക് ഗുണമാകും

അടുത്തിടെ നന്ദിനി കേരളത്തില്‍ എത്തിയത് മില്‍മയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ നിലവില്‍ വില കൂട്ടാനുള്ള തീരുമാനം മില്‍മയുടെ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് നന്ദിനി. എന്നാല്‍ കേരളത്തിലെ ക്ഷീരകര്‍കരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സംഭരണം ഉയർത്താൻ

പാല്‍ സംഭരണം ഉയര്‍ത്താന്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എം.എഫ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിദിന പാല്‍ സംഭരണം 86 ലക്ഷം ലിറ്ററായി കുറഞ്ഞിരുന്നു. മുന്‍വര്‍ഷം 94 ലക്ഷം ലിറ്റര്‍ സംഭരിച്ചിരുന്ന സ്ഥാനത്താണിത്. വില കുറവായതിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ സ്വാകാര്യ കമ്പനികള്‍ക്ക് പാല്‍വില്‍ക്കാന്‍ തീരുമാനിച്ചതാണ് സംഭരണം കുറയാനിടയാക്കിയത്. വര്‍ധിപ്പിച്ച മൂന്നു രൂപ കര്‍ഷകര്‍ക്ക് നല്‍കാനാണ് കകെ.എം.എഫ് ഉദ്ദേശിക്കുന്നത്.

വിലക്കുറവിൽ മുന്നിൽ കർണാടക

നിലവില്‍ കർണാടകയിൽ ഏറ്റവും വിലകുറവ് നന്ദിനി പാലിനാണ്. സ്വകാര്യ കമ്പനികള്‍ 48 മുതല്‍ 52 രൂപ വരെയാണ് ഒരു ലിറ്റര്‍ പാലിന് കര്‍ണാടകയില്‍ ഈടാക്കുന്നത്. കര്‍കഷകരുടെ ദുരിതവും ഉയര്‍ന്ന ഉത്പാദന ചെലവും കണക്കിലെടുത്താണ് പാല്‍വില വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി കെ.എന്‍ രാജണ്ണ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറഞ്ഞ വിലയാണ് നന്ദിനി കര്‍ണാടകത്തില്‍ ഈടാക്കുന്നത്. കേരളത്തിൽ ലിറ്ററിന് 50 രൂപയും ആന്ധ്രാപ്രദേശിൽ 56 രൂപയുമാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ 54 രൂപയുമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it