

വര്‍ഷങ്ങള്‍ക്കു മുമ്പ് അടച്ചുപൂട്ടപ്പെട്ട പെരുമ്പാവൂര്‍ റയോണ്‍സിന്റെ ഭൂമി കിന്‍ഫ്ര പാര്‍ക്കായി മാറുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ആദ്യഘട്ട അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കിലെ 28 ഏക്കര്‍ സ്ഥലത്ത് നിലവിലെ 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നവീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിങ് (ഇ.എസ്.ഡി.എം.) കമ്പനിയായ കെയ്‌ന്‌സ് ടെക്‌നോളജീസ് ആദ്യഘട്ട ഉത്പാദന യൂണിറ്റ് തുറക്കുന്നത്.
രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നടക്കും. എ.ഐ ക്യാമറ നിര്‍മാണത്തിനായി കെല്‍ട്രോണും കെയ്ന്‍സ് ടെക്നോളജിയും ധാരണാപത്രവും ഒപ്പുവയ്ക്കും. പെരുമ്പാവൂര്‍ ചേലാമറ്റത്ത് ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം കഴിഞ്ഞ വര്‍ഷമാണ് കിന്‍ഫ്രക്ക് കൈമാറിയത്.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ആകെ 350 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തനസജ്ജമായ യൂണിറ്റില്‍ 100 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
വാഹനങ്ങള്‍, വ്യവസായം, റയില്‍വേ, മെഡിക്കല്‍, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ രൂപകല്‍പ്പന നടത്തുന്ന മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവില്‍ എട്ട് യൂണിറ്റുകളുണ്ട്.
മൊത്തം 500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്. ലാപ്‌ടോപ്, സ്മാര്‍ട്ട് ഇലക്ട്രിക് മീറ്റര്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ നാല് ബ്ലോക്കുകളിലായി 2,80,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പരിസ്ഥിതിസൗഹൃദമായ രീതിയിലാണ് സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്നത്.
ട്രാവന്‍കൂര്‍ റയോണ്‍സ് അടച്ചുപൂട്ടിയതിനേത്തുടര്‍ന്ന് ലിക്വിഡേറ്ററുടെ കൈവശമായിരുന്ന 68 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് ഹൈക്കോടതി അനുമതിയോടെ കിന്‍ഫ്രയ്ക്ക് കൈമാറിയത്. ബാക്കിയുള്ള ഭൂമിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും ലേലം ചെയ്ത് സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine