വിശ്വസ്തരെ കൂടെ നിറുത്തുക, വളര്‍ത്തുക: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഇത്രയും വളരുമെന്ന പ്രതീക്ഷയോടെയല്ല 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് തുടക്കമിട്ടതെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ 'നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം' (ഹൗ ടു സ്‌കെയില്‍ അപ്പ് യുവര്‍ ബിസിനസ്)' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലൊരു ലീഡറായി നിന്നാല്‍ നമുക്ക് വിജയിക്കാം

'ഞാന്‍ എം.ബി.എക്കാരനോ കോളേജിലെ റാങ്ക് ഉടമയോ ഒന്നും ആയിരുന്നില്ല. എങ്കിലും പ്രതീക്ഷയോടെ സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു', ചിറ്റിലപ്പിള്ളി പറഞ്ഞു. നമ്മള്‍ നല്ലൊരു ലീഡറായി നിന്നാല്‍ നമുക്ക് വിജയിക്കാനാകുമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഫൈനാന്‍സും മാര്‍ക്കറ്റിംഗും സ്വയം മനസ്സിലാക്കി. വിശ്വസ്തരായ ജീവനക്കാരെ ഒപ്പംനിറുത്തി. അവരുടെ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പൂര്‍ണ പിന്തുണ നല്‍കി, അവരെ ശാക്തീകരിച്ചു.

ഒപ്പമുള്ളവരെ വളർത്തണം

ഇന്ന് എന്റെ രണ്ടാംതലമുറ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും എനിക്കൊപ്പമുണ്ടായിരുന്നവരെ തന്നെ നിലനിറുത്തിയിട്ടുണ്ട്. ഞാന്‍ നിയമിച്ചവരില്‍ പലരും ഇപ്പോഴും കമ്പനിയില്‍ തുടരുകയാണ്. വിശ്വാസ്യത മാത്രമല്ല, ഒപ്പമുള്ളവരെയും വളര്‍ത്തുകയെന്ന ചിന്താഗതിയാണ് ഇതിന് സഹായിച്ചത്. വി-ഗാര്‍ഡിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നില്ല. വിവിധ ഘട്ടങ്ങളിലൂടെ 46 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്. അതില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാനല്‍ ചര്‍ച്ചയ്ക്ക് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ് നേതൃത്വം നല്‍കി. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബിസ്ലെരി സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവരും സംബന്ധിച്ചു.

Related Articles
Next Story
Videos
Share it