ഒടുവില്‍ ഇടുക്കിക്കും ഹോള്‍മാര്‍ക്ക്! കേരളം മുഴുവന്‍ ഇപ്പോള്‍ പരിശുദ്ധ സ്വര്‍ണം

ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമായി കേരളം
Gold ornaments in hand
Published on

ഇടുക്കി ജില്ലയിലെ ജുവലറി ഷോറൂമുകളിലും ഇനിമുതല്‍ ലഭിക്കുക പരിശുദ്ധ സ്വര്‍ണം. കഴിഞ്ഞ ജൂലൈ ഒന്നുമുതലാണ് കേന്ദ്രസര്‍ക്കാരും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും (BIS) സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി/HUID) നിര്‍ബന്ധമാക്കിയത്.

കേരളത്തില്‍ ഇത് ഇടുക്കി ഒഴികെ മറ്റ് 13 ജില്ലകളിലായിരുന്നു ബാധകം. ഇടുക്കിയില്‍ ആഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്ന ഹോള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഇല്ലാത്തതായിരുന്നു കാരണം. എന്നാല്‍, ഇടുക്കിയിലെ അടിമാലിയിലും ഹോള്‍മാര്‍ക്കിംഗ് സെന്റര്‍ സജ്ജമായതോടെ എല്ലാ ജില്ലകളിലും ഹോള്‍മാര്‍ക്കിംഗ് ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. രാജ്യത്ത് എച്ച്.യു.ഐ.ഡി മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയത്.

കേരളം വന്‍ വിപണി

പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ സ്വര്‍ണാഭരണ മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു.

200-250 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് മലയാളികള്‍ പ്രതിവര്‍ഷം വാങ്ങുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഏകദേശം 12,000 സ്വര്‍ണാഭരണ ജുവലറികള്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ മിക്കവരും തന്നെ ബി.ഐ.എസില്‍ നിന്ന് ഹോള്‍മാര്‍ക്കിംഗ് ലൈസന്‍സും നേടിയവരാണ്.

105 ഹോള്‍മാര്‍ക്കിംഗ് സെന്ററുകളാണ് കേരളത്തില്‍ നിലവിലുള്ളത്. ഒരുകോടിയിലേറെ ആഭരണങ്ങളിലാണ് കേരളത്തില്‍ പ്രതിവര്‍ഷം ഹോള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് എച്ച്.യു.ഐ.ഡി?

ജുവലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡിയുടെ ലക്ഷ്യം. ബി.ഐ.എസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി (22K916), ആല്‍ഫാന്യൂമറിക് നമ്പര്‍ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി.

ഓരോ സ്വര്‍ണാഭരണത്തിനും എച്ച്.യു.ഐ.ഡി വ്യത്യസ്തമാണ്. ആഭരണം നിര്‍മ്മിച്ചത് എവിടെ, ഹോള്‍മാര്‍ക്ക് ചെയ്തത് എവിടെ തുടങ്ങിയവ എച്ച്.യു.ഐ.ഡിയിലൂടെ അറിയാം.

സ്വർണാഭരണത്തിലെ എച്ച്.യു.ഐ.ഡി മുദ്ര

ജുവലറികള്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്കാണ് എച്ച്.യു.ഐ.ഡി ബാധകം. ഉപഭോക്താവിന്റെ പക്കലുള്ള പഴയ സ്വര്‍ണാഭരണത്തിന് ബാധകമല്ല. ഉപഭോക്താവിന്റെ കൈവശമുള്ള എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണത്തിനും വില്‍ക്കുമ്പോഴോ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴോ വിപണിവില തന്നെ ലഭിക്കും; പണയംവയ്ക്കാനും തടസമില്ല.

ആപ്പിലൂടെ അറിയാം പരിശുദ്ധി

ബി.ഐ.എസ് കെയര്‍ മൊബൈല്‍ ആപ്പിലൂടെ സ്വര്‍ണത്തിന്റെ പരിശുദ്ധി തിരിച്ചറിയാം. വാങ്ങിയ പുതിയ ആഭരണത്തിലെ എച്ച്.യു.ഐ.ഡി, ആപ്പില്‍ സമര്‍പ്പിച്ചാല്‍ ആഭരണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിക്കും. സ്വര്‍ണാഭരണം വാങ്ങാനായി ഉപഭോക്താവ് ചെലവിടുന്ന പണത്തിന് സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എച്ച്.യു.ഐ.ഡി നടപ്പാക്കിയത്. എന്നാല്‍, രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ കൃത്യമായ കണക്ക് നേടാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com