

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ഉടമസ്ഥതയിലുള്ള സഹകരണ സംഘമാണ് കേരള ദിനേശ്. മലബാറിലെ ബീഡി തൊഴിലാളികളുടെ സമരഗാഥകളില്‍ നിന്നാണ് ഈ പ്രസ്ഥാനം ഉടലെടുക്കുന്നത്. 54 വർഷമായി കേരള ദിനേശ് സ്ഥാപിതമായിട്ട്. ബീഡി തൊഴിലാളികൾക്കായുള്ള സഹകരണ സ്ഥാപനമായിട്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്. എന്നാൽ 1990 കളില്‍ ശക്തിയാര്‍ജിച്ച പുകയില വിരുദ്ധ പ്രസ്ഥാനം മൂലം ബീഡി വ്യവസായം ക്ഷയിച്ചു. തുടര്‍ന്ന് വൈവിധ്യവൽക്കരണത്തിലേക്ക് കടക്കാന്‍ പ്രസ്ഥാനം തീരുമാനിക്കുകയായിരുന്നു.
വസ്ത്രങ്ങൾ, കുടകൾ, ഐ.ടി, ഭക്ഷണം, ബീഡി ഉത്പാദനം തുടങ്ങിയ മേഖലകളില്‍ കേരള ദിനേശിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു. എ.ഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ മികച്ച ശ്രമങ്ങളാണ് പ്രസ്ഥാനം നടത്തുന്നത്. അക്കാദമിക് പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിൽ ഗവേഷകരെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ജനറേറ്റീവ് എ.ഐ അധിഷ്ഠിത സോഫ്റ്റ്‌വെയറായ വിഗ്യാന ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് സോഫ്റ്റ്‌വെയർ.
പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള നൈപുണ്യ വികസനത്തിനും അഭിമുഖ തയ്യാറെടുപ്പിനും സഹായിക്കുന്ന എ.ഐ സിമുലേഷൻ ടൂളിന്റെ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ സഹകരണ സംഘം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) അംഗീകാരമുള്ള കോഴ്‌സുകളോടെ ഡ്രോൺ പരിശീലന കേന്ദ്രം സ്ഥാപിക്കാനും സഹകരണ സംഘത്തിന് പദ്ധതിയുണ്ട്.
കോർ ബാങ്കിംഗ് മേഖലയിലും കേരള ദിനേശ് കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങൾക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡാറ്റാ സെന്റർ കേരള ദിനേശിനുണ്ട്. നിരവധി പ്രമുഖ സഹകരണ ബാങ്കുകൾ ഇവരുടെ കോർ ബാങ്കിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷം തടയുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച വൈൽഡ് വാച്ച് എന്ന പേരിലുളള നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിത നിരീക്ഷണ സംവിധാനം ശ്രദ്ധേയമാകുകയാണ്. വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അടുക്കുമ്പോൾ വനം വകുപ്പിന്റെ ആർആർടി സംഘങ്ങള്‍ക്കും പ്രദേശവാസികൾക്കും മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം. ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
വയനാട്ടിലും പാലക്കാടും ആരംഭിച്ച പദ്ധതി താമസിയാതെ മറ്റ് ജില്ലകളിലും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് മലയോര മേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏറെ പ്രയോജനകരമായ സംവിധാനമായിരിക്കും വൈൽഡ് വാച്ച് എന്നാണ് കരുതുന്നത്.
Kerala Dinesh evolves from a bidi workers’ cooperative to a diversified tech-driven model with AI, core banking, and wildlife monitoring solutions.
Read DhanamOnline in English
Subscribe to Dhanam Magazine