₹3,000 കോടി കടന്ന് കേരളത്തിന്റെ പാദരക്ഷാ വിപണി

കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ തിളങ്ങി നില്‍ക്കുന്ന മേഖലയാണ് പാദരക്ഷാ വ്യവസായവും വിപണിയും. 2013-14ലാണ് ആദ്യമായി കേരളത്തിന്റെ പാദരക്ഷാ വിപണിയുടെ മൂല്യം 700 കോടി രൂപ കടന്നത്. 2022-23ല്‍ മൂല്യം 3,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.

ചെറുതും വലുതുമായ 130ഓളം പാദരക്ഷാ നിര്‍മ്മാണക്കമ്പനികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 100ഓളവും പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ പാദരക്ഷാ കേന്ദ്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടാണ്. ആയിരത്തോളം മൊത്തക്കച്ചവടക്കാരും (ഹോള്‍സെയില്‍) 25,000ഓളം ചെറുകിട (റീട്ടെയ്ല്‍) കച്ചവടക്കാരും ഈ മേഖലയിലുണ്ട്.
10-20 തൊഴിലാളികളുള്ള ചെറുകിട നിര്‍മ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഏറെയും. 25,000ഓളം പേര്‍ ഈ മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നു. 50,000ഓളം പേര്‍ക്ക് പരോക്ഷമായും ഈ രംഗത്ത് ജോലിയുണ്ട്. 250-500 രൂപ നിരക്കിലെ പാദരക്ഷകളാണ് സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. കുറഞ്ഞ വിലയില്‍ മികച്ച നിലവാരമുള്ള പാദരക്ഷകളാണ് കേരളത്തിന്റെ പ്രത്യേകതയായി അറിയപ്പെടുന്നത്.
ബി.ഐ.എസ് പ്രതിസന്ധി
കഴിഞ്ഞ 10-15 വര്‍ഷക്കാലം കേരളത്തിലെ പാദരക്ഷാ വ്യവസായം മികച്ച വളര്‍ച്ചയാണ് കാഴ്ചവച്ചതെങ്കിലും ഇപ്പോള്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലും ഓഫ്ലൈനിലും പുറമേ നിന്നുള്ള വന്‍കിട ബ്രാന്‍ഡുകളോടാണ് കേരളത്തിന്റെ സ്വന്തം പാദരക്ഷാ മേഖല മത്സരിക്കുന്നതെന്ന് ഫുട്‍വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (ഫ്യൂമ) പ്രസിഡന്റ് രജിത്ത് മുല്ലശേരി പറഞ്ഞു.
ഇതിനിടെ കേന്ദ്രം പാദരക്ഷകളുടെ ജി.എസ്.ടി 5ല്‍ നിന്ന് 12 ശതമാനമാക്കി. ഇത് ചെറുകിട സംരംഭങ്ങള്‍ ഏറെയുള്ള കേരളത്തിലെ വ്യവസായത്തെ സാരമായി ബാധിച്ചു. അപ്രായോഗിക ചട്ടങ്ങളോടെ ജൂലൈ മുതല്‍ ബി.ഐ.എസ് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കം മേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാധിക്കുക ചെറുകിടക്കാരെ
കുറഞ്ഞ വിറ്റുവരവുള്ള ചെറുകിട യൂണിറ്റുകളാണ് കേരളത്തില്‍ ഏറെയും. 24ഓളം മാനദണ്ഡങ്ങളുമായാണ് ബി.ഐ.എസ് ഏര്‍പ്പെടുത്താനുള്ള നീക്കം. വന്‍കിട ബ്രാന്‍ഡുകള്‍ക്ക് മാത്രം സാദ്ധ്യമാകുന്നതാണ് ഈ മാനദണ്ഡങ്ങള്‍. ചെറുകിടക്കാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങാന്‍ ഇതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
300 രൂപയുടെയും 6,000 രൂപയുടെയും പാദരക്ഷകള്‍ക്ക് ഒരേ മാനദണ്ഡമാണ് ബി.ഐ.എസ് മുന്നോട്ടുവയ്ക്കുന്നതെന്നും ഇതിനെയാണ് എതിര്‍ക്കുന്നതെന്നും അസോസിയേഷന്‍ സെക്രട്ടറി കെ.വി. ഷംസുദ്ദീന്‍ പറഞ്ഞു. ബി.ഐ.എസ് ലൈസന്‍സിനെയും നിലവാരത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍, ചെറുകിടക്കാരെ ദോഷകരമായി ബാധിക്കുന്ന അപ്രായോഗിക മാനദണ്ഡങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it