പുതിയ സയന്‍സ് പാര്‍ക്ക് കളമശ്ശേരി ഫാക്ട് ഭൂമിയില്‍ സ്ഥാപിക്കും
കളമശ്ശേരിയില്‍ ഫാക്ടിന്റെ (The Fertilisers And Chemicals Travancore Limited -FACT) ഉടമസ്ഥതയിലുള്ള സ്ഥലത്ത് 200 കോടി രൂപ മുതല്‍ മുടക്കില്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിക്കായി 15 ഏക്കര്‍ നല്‍കാന്‍ ഫാക്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുസാറ്റുമായി സഹകരിച്ച്
ഇത്തവണത്തെ ബജറ്റില്‍ കളമശേരിയില്‍ പുതിയ സയന്‍സ് പാര്‍ക്ക് നിര്‍ദേശിക്കുകയും മാര്‍ച്ചില്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ അസോസിയേറ്റ് ആയി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി (കുസാറ്റ്) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം കുസാറ്റിനായുണ്ട്. തിരുവനന്തപുരത്തും കണ്ണൂരിലും സമാനമായ സയന്‍സ് പാര്‍ക്കുകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ മേല്‍നേട്ടം
മെഡിക്കല്‍ ജീനോമിക് ഗവേഷണം, നിര്‍മ്മാണ സാങ്കേതികവിദ്യ, ഗ്രീന്‍ മൊബിലിറ്റി സംരംഭങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദിഷ്ട പാര്‍ക്കുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രത്യേക പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റ് പ്രവര്‍ത്തിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മേല്‍നോട്ടം വഹിക്കും.