പുരപ്പുറ സോളാറില്‍ രാജ്യത്ത് രണ്ടാമത്; പുനരുപയോഗ ഊര്‍ജത്തില്‍ കുതിച്ച് കേരളം

പുനരുപയോഗ ഊര്‍ജമേഖലയില്‍ (റിന്യൂവബിള്‍ എനര്‍ജി) കേരളം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചാക്കുതിപ്പ്. സോളാര്‍ പാനലുകളടക്കം ഈ രംഗത്ത് പ്രതിവര്‍ഷം 50-60 കോടി രൂപയുടെ വില്‍പന കേരളത്തില്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ച (CAGR) പരിഗണിച്ചാല്‍ കേരള വിപണി വളരുന്നത് 30 ശതമാനത്തിലധികമാണെന്ന് കേരള റിന്യൂവബിള്‍ എനര്‍ജി എന്‍ട്രപ്രണേഴ്‌സ് ആന്‍ഡ് പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (KREEPA/ക്രീപ) പ്രസിഡന്റ് ജി. ശിവരാമകൃഷ്ണന്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. അടുത്തവര്‍ഷത്തോടെ വളര്‍ച്ചാനിരക്ക് 35 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷ.
ഹ്രൈഡജന്‍ ഉത്പാദനത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കാനുള്ള ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ്, ഹൈഡ്രജന്‍ വാലി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ സി.എ.ജി.ആര്‍ 50 ശതമാനം ആയേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ (റൂഫ്‌ടോപ് സോളാര്‍) രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. വൈദ്യുത വാഹനങ്ങളുടെ സാന്ദ്രതയില്‍ കേരളത്തിന്റെ സ്ഥാനം രാജ്യതലസ്ഥാനമായ ഡല്‍ഹിക്കും ഒപ്പമാണ്.
റിന്യൂവബിള്‍ എനര്‍ജിയില്‍ 9 ജിഗാവാട്ടിന്റെ ഉത്പാദന സാദ്ധ്യത കേരളത്തിലുണ്ട്; ഒഴുകുന്ന സോളാര്‍ പദ്ധതിയില്‍ (ഫ്‌ളോട്ടിംഗ് സോളാര്‍) ഇത് 2.5 ജിഗാവാട്ടാണ്. ഈ ശേഷിയിലേക്ക് കേരളത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തിലും ക്രീപ മുന്‍കൈ എടുത്തും ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്നൂ സോളാര്‍ വാലിയും ഹബ്ബും
കേരളത്തില്‍ ഗ്രീന്‍ ഹ്രൈഡജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ച സംസ്ഥാനമാണ് കേരളം.
തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ വരുന്നത്. ഇതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ ഹബ്ബുകള്‍. പുറമേ വ്യാവസായിക ഉപഭോഗം ലക്ഷ്യമിട്ട് കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ വാലിയും സ്ഥാപിക്കും. ഫാക്ട്, സിയാല്‍, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി, ഗെയില്‍, എല്‍ ആന്‍ഡ് ടി എന്നിവയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ജി. ശിവരാമകൃഷ്ണ്‍ പറഞ്ഞു.
2030ഓടെ 5 മില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഉത്പാദനമാണ് ദേശീയ ഹൈഡ്രജന്‍ മിഷന്‍ ഉന്നമിടുന്നത്. ഇതിന്റെ 10 ശതമാനമെങ്കിലും കേരളത്തില്‍ നിന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഈ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it