

കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ തുടർച്ചയായ വിലവർദ്ധനവ് ഹോട്ടൽ-റസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. 2026 ഒക്ടോബറിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ഉപഭോക്തൃ വിലക്കയറ്റ നിരക്ക് 6.22 ശതമാനവും ഭക്ഷ്യവിലക്കയറ്റം 10.92 ശതമാനവുമാണ്.
ഇത് ദേശീയ ശരാശരിയേക്കാൾ (8.94%) 1.98 ശതമാനം കൂടുതലാണ്. ഉള്ളി, സവാള, പച്ചക്കറികൾ, അരി, പലവ്യഞ്ജനങ്ങൾ, എണ്ണ, പാചകവാതകം എന്നിവയുടെ വില ദിനംപ്രതി ഉയരുന്നത് ചെറുകിട, ഇടത്തരം ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്.
ജീവിതച്ചെലവ് ഉയർന്നതോടെ ജീവനക്കാർ ശമ്പളവർദ്ധനവ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവിനനുസരിച്ച് ഭക്ഷണവില വർദ്ധിപ്പിക്കാൻ ഹോട്ടലുടമകൾക്ക് സാധിക്കുന്നില്ല. വില വർദ്ധിപ്പിച്ചാൽ ഇപ്പോൾ തന്നെ വരാൻ മടിക്കുന്ന ഉപഭോക്താക്കൾ ഹോട്ടൽ ഭക്ഷണം പൂർണമായി ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ഉടമകൾ.
നിലവിൽ സാധാരണക്കാർ അവധി ദിവസങ്ങളിലോ വിശേഷ അവസരങ്ങളിലോ മാത്രമാണ് കുടുംബസമേതം ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിലെ പ്രതിസന്ധി തൊഴിലാളികളെയും കർഷകരെയും വിതരണക്കാരെയും ഒരുപോലെ ബാധിക്കും.
ഈ സാഹചര്യത്തിൽ വിപണിയിലെ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, പാചകവാതകത്തിന്മേലുള്ള ജി.എസ്.ടി 5 ശതമാനമായി കുറയ്ക്കണമെന്നും കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine