കേന്ദ്രത്തിന് പിന്നാലെ കേരളവും ഒരുക്കത്തില്‍; സ്വകാര്യ ആശുപത്രികളിലെ ചികിത്‌സാ ചെലവ് നിയന്ത്രിക്കാന്‍ എത്രത്തോളം കഴിയും?

മുറിവാടക, മരുന്ന് വില, ഡോക്ടർമാരുടെ ഫീസ്, പരിശോധനാച്ചെലവുകൾ തുടങ്ങിയവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിഗണിക്കുന്നത്
hospital treatment
Image courtesy: Canva
Published on: 

സ്വകാര്യ ആശുപത്രികളിലെ അമിതമായ ചികിത്സാച്ചെലവുകള്‍ നിയന്ത്രിക്കുന്നതിനും സേവന നിലവാരം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ നിയമനിർമ്മാണം (ബിൽ) നിയമസഭയിൽ അവതരിപ്പിക്കാൻ പഠന സമിതി രൂപീകരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. വൻകിട കമ്പനികളും മാനേജ്‌മെന്റുകളും ആശുപത്രികൾ ഏറ്റെടുത്തതോടെ മുട്ട് മാറ്റിവെയ്ക്കൽ, ബൈപ്പാസ് ശസ്ത്രക്രിയകൾ, ദിനേനയുള്ള മുറിവാടക എന്നിവയ്ക്ക് ഭീമമായ തുകയാണ് സ്വകാര്യ മേഖല ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ മുറിവാടക, മരുന്ന് വില, ഡോക്ടർമാരുടെ ഫീസ്, പരിശോധനാച്ചെലവുകൾ എന്നിവ നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പഠന സമിതിയുടെ രൂപീകരണവും ദൗത്യവും

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ (KMSCL) എം.ഡി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചായിരിക്കും ബില്ലിന് രൂപം നല്‍കുക. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി സ്വകാര്യ ആശുപത്രികൾക്ക് വാണിജ്യവിലയേക്കാൾ കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ സാധിക്കുമോ എന്നും, സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ ലഭ്യത ഉറപ്പാക്കാൻ സാധിക്കുമോ എന്നും സമിതി വിലയിരുത്തും.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം

സമാനമായി, രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ ഏകീകരണം (Standardisation) കൊണ്ടുവരാൻ കേന്ദ്ര ധനകാര്യ മന്ത്രാലയവും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അടിസ്ഥാനമാക്കി രോഗനിർണയത്തിനും സാധാരണ ചികിത്സകൾക്കും ഏകീകൃത പാക്കേജ് നിരക്കുകൾ നടപ്പിലാക്കാനും സുതാര്യമായ ബില്ലിംഗ് സംവിധാനം ഉറപ്പാക്കാനുമാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഉയരുന്ന ചികിത്സാച്ചെലവുകൾ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

എന്നാൽ, പ്രായോഗിക വശങ്ങളും യാഥാർത്ഥ്യങ്ങളും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com