'മണി ചെയിന്‍' പരിപാടി ഇനി കേരളത്തിന് വേണ്ട
സംസ്ഥാനത്ത് ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തില്‍ മണി ചെയിന്‍ മാതൃകയിലെ ഉല്‍പന്ന വില്‍പന നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള കരട് മാര്‍ഗ രേഖ ഉപഭോക്തൃകാര്യ വകുപ്പ് ഇതിനോടകം തന്നെ തയാറാക്കി. 2021ല്‍ കേന്ദ്രം ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
നിരീക്ഷണ അതോറിറ്റി രൂപീകരിക്കും
ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ചൂഷണം, നികുതി വെട്ടിപ്പ് തുടങ്ങിയവ തടയാനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി സംസ്ഥാന നിരീക്ഷണ അതോറിറ്റി രൂപീകരിക്കണം എന്നതാണ് രേഖയിലെ പ്രധാന നിര്‍ദേശം. തട്ടിപ്പു കണ്ടെത്തിയാല്‍ കമ്പനികളെ കരിമ്പട്ടികയിലാക്കാനും നിരോധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.
ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയില്‍ ഭക്ഷ്യ-പൊതുവിതരണ കമ്മിഷണര്‍ നോഡല്‍ ഓഫിസറും കണ്‍വീനറുമാകും. ധനം, നിയമം, നികുതി, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, കേന്ദ്ര- സംസ്ഥാന ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എ.ഡി.ജി.പി, വിദഗ്ധ അംഗം എന്നിവരുമുണ്ടാകും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അതോറിറ്റിക്കു സ്വമേധയാ നടപടി സ്വീകരിക്കാം.
കരട് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍
വില്‍പന ശൃംഖലയില്‍ കൂടുതല്‍പേരെ ചേര്‍ക്കുമ്പോള്‍ കണ്ണിയിലെ ആദ്യ വ്യക്തികള്‍ക്കു പണവും കമ്മിഷനും ലഭിക്കുന്ന രീതി ഇനി പറ്റില്ല. വിറ്റുവരവ്, ലാഭം എന്നിവയനുസരിച്ചാകണം കമ്മിഷനും ആനുകൂല്യങ്ങളും നല്‍കേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില്‍ ജി.എസ്.ടി റജിസ്‌ട്രേഷന്‍, ബാലന്‍സ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി റജിസ്റ്റര്‍ ചെയ്യണം.
സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ഉല്‍പന്ന/സേവന നിരക്ക്, നികുതി, ഷിപ്‌മെന്റ് നിരക്ക്, റീഫണ്ട് വ്യവസ്ഥകള്‍, ഗാരന്റി, വാറന്റി, കേടായാല്‍ മാറ്റിനല്‍കാനുള്ള സൗകര്യം എന്നിവ വ്യക്തമാക്കണം. പരാതിപരിഹാരസംവിധാനവും വേണം. ഡയറക്റ്റ് സെല്ലിംഗ് രംഗത്തുള്ളവരുടെ എണ്ണം, വേതനം, ഉപഭോക്താക്കളുടെ എണ്ണം, ജി.എസ്.ടി- ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച് ത്രൈമാസ, വാര്‍ഷിക റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.