Begin typing your search above and press return to search.
സിറ്റി ഗ്യാസ്: തെക്കന്‍ ജില്ലകളിലേക്ക് പൈപ്പ്‌ലൈന്‍; ഒന്നര വര്‍ഷത്തിനകം
വീടുകളില്‍ പാചകാവശ്യത്തിനായും വാഹനങ്ങളില്‍ ഇന്ധനമായും പ്രകൃതിവാതകം (Natural Gas) കുറഞ്ഞചെലവില്‍ ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് വേഗം കൂട്ടാനായി കൊച്ചിയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കും പൈപ്പ്‌ലൈന്‍ വരുന്നു. എറണാകുളം കളമശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കുമാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക.
തിരുവനന്തപുരത്തേക്ക്
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണത്തിന് ലൈസന്‍സ് നേടിയ അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് (എ.ജി ആന്‍ഡ് പി) പ്രഥം കമ്പനിയാണ് കൊച്ചി-തിരുവനന്തപുരം പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക. ഒന്നരവര്‍ഷത്തിനകം പൈപ്പ്‌ലൈന്‍ സജ്ജമാക്കിയേക്കും.
നിലവില്‍ ഗെയിലിന്റെ (GAIL) കളമശേരി സ്‌റ്റേഷനില്‍ നിന്ന് ടാങ്കറുകളില്‍ ഈ ജില്ലകളിലെ സ്റ്റേഷനുകളില്‍ എത്തിച്ചശേഷമാണ് വീടുകളില്‍ പൈപ്പുവഴി സിറ്റി ഗ്യാസ് അഥവാ പി.എന്‍.ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) വിതരണം ചെയ്യുന്നത്. പെട്രോള്‍ പമ്പുകള്‍ മുഖേന വാഹനങ്ങള്‍ക്ക് സി.എന്‍.ജിയായും നല്‍കുന്നു. ഗെയിലിന്റെ കളമേശിരിയിലെ സ്‌റ്റേഷന്‍ മുതല്‍ എ.ജി ആന്‍ഡ് പി പ്രഥമിന്റെ തിരുവനന്തപുരം കൊച്ചുവേളിയിലെ ഗ്യാസ് സ്റ്റേഷന്‍ വരെയാകും ദേശീയപാതയോരത്ത് കൂടിയുള്ള പൈപ്പ്‌ലൈന്‍.
പത്തനംതിട്ടയിലേക്ക്
ഷോള ഗ്യാസ്‌കോ കമ്പനിക്കാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണ ലൈസന്‍സ്. ഈ ജില്ലകളിലേക്കുള്ള പ്രകൃതിവാതക വിതരണം സുഗമമാക്കാനാണ് കമ്പനി കളമശേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പൈപ്പ്‌ലൈന്‍ ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴ എം.സി റോഡ് പാതയിലായിരിക്കും കമ്പനിയുടെ പൈപ്പ്‌ലൈന്‍.
നേട്ടങ്ങള്‍ നിരവധി
എല്‍.പി.ജിയേക്കാള്‍ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി). തീപിടിത്തം, പൊട്ടിത്തെറി എന്നിവയുണ്ടാകില്ലെന്നതാണ് ഏറ്റവും പ്രധാന ഗുണം. ചോര്‍ന്നാലും തീപിടിത്തമോ പൊട്ടിത്തെറിയോ സംഭവിക്കില്ല.
പൈപ്പിലൂടെ 24 മണിക്കൂറും ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഗ്യാസ് തീരുമെന്ന ഭയം വേണ്ട. മറ്റൊന്ന്, എല്‍.പി.ജിയേക്കാള്‍ 30 ശതമാനം വരെ ചെലവ് കുറവാണെന്നതാണ്. ഇത് അടുക്കള ബജറ്റില്‍ വലിയ ആശ്വാസം നല്‍കും.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി അഥവാ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും സുരക്ഷിതമാണ്. കിലോഗ്രാമിന് 85 രൂപയാണ് വില എന്നതും വാഹന ഉപയോക്താക്കള്‍ക്ക് നേട്ടമാണ്.
വടക്കന്‍ കേരളം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും മാഹിയിലും വിതരണം നടത്തുന്നത്. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗെയില്‍ സ്ഥാപിച്ച ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രയോജനപ്പടുത്തിയാണിത്.
എറണാകുളത്ത് ആദ്യഘട്ടത്തില്‍ കളമശേരിയില്‍ ഏതാനും വീടുകളിലാണ് പി.എന്‍.ജി കണക്ഷനുണ്ടായിരുന്നത്. നിലവില്‍ എറണാകുളത്ത് മാത്രം 40,000ല്‍ അധികം വീടുകളില്‍ പി.എന്‍.ജി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. എന്നാൽ വടക്കന്‍ ജില്ലകളില്‍ നല്‍കിയത് 3,000ഓളവും.
Next Story
Videos