ലോക്ക്ഡൗണിലെ ലൈസന്‍സ് ഫീസ്: ബാറുകള്‍ക്ക് ഇളവ് നല്‍കി സര്‍ക്കാര്‍

കൊവിഡ് ലോക്ക്ഡൗണില്‍ 52 ദിവസം അടഞ്ഞുകിടന്ന ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ഇക്കാലയളവിലെ ലൈസന്‍സ് ഫീസില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന്റെ അനുമതി.

നേരത്തെ ലൈസന്‍സ് ഫീസ് അടച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും അവര്‍ക്ക് ഫീസിളവിന് അര്‍ഹതയുണ്ടെന്നും കാട്ടി എക്സൈസ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ആനുകൂല്യം ലഭിക്കാത്ത ബാര്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ലൈസന്‍സ് ഫീസ് അടയ്ക്കുമ്പോള്‍ ഇളവ് ലഭിക്കും.
ദൂരപരിധി കുറയ്ക്കും
വിദ്യാഭ്യാസ, മത സ്ഥാപനങ്ങളില്‍ നിന്നും ശ്മശാനങ്ങളില്‍ നിന്നും കള്ളുഷാപ്പുകളിലേക്കുള്ള ദൂരപരിധി 100 മീറ്റര്‍ വരെ കുറയ്ക്കാമെന്ന് പുതിയ അബ്കാരി നയത്തില്‍ എക്സൈസിന്റെ ശുപാര്‍ശ. എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ സമര്‍പ്പിച്ച കരട് നയത്തിലാണിത്. ഷാപ്പുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയ ശേഷമാകും ദൂരപരിധിയില്‍ ഇളവ് നല്‍കുക. ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവയ്ക്ക് നിലവിലെ ദൂരപരിധി തുടരും. ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായി വര്‍ധിപ്പിക്കാനും ശൂപാര്‍ശയുണ്ട്. ബാര്‍ ലൈസന്‍സ് ഫീസ് മൂന്നു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് 740 ബാറുകളാണുള്ളത്. 5170 കള്ളുഷാപ്പുകളുമുണ്ട്. ഇവയുടെ ലൈസന്‍സ് രണ്ടു മാസത്തേക്ക് സര്‍ക്കാര്‍ നീട്ടിനല്‍കിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it