Begin typing your search above and press return to search.
നിറഞ്ഞ് കവിഞ്ഞ് ബുക്കിംഗുകള്‍; ടൂറിസം മേഖലയ്ക്ക് ഇത് തിരിച്ചുവരവിന്റെ കാലം
കേരളത്തിലെ ടൂറിസം മേഖലയില്‍ വീണ്ടും വളര്‍ച്ചയുടെ കാലം. ഏപ്രില്‍-മെയ് മാസത്തില്‍ ഇരട്ടിയോളം ബുക്കിംഗുകള്‍ നേടിയതായി ടൂറിസം വ്യവസായ മേഖലയിലുള്ളവര്‍. ഹോട്ടല്‍ മുറികള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കുമെല്ലാം ബുക്കിംഗോട് ബുക്കിംഗ് ആണെന്നാണ് മേഖലയില്‍ നിന്നുള്ള വിവരം. കോവിഡ് മഹാമാരിക്കാലത്ത് തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങളും ധാരാളം. മൂന്നാറും വയനാടും ഇഷ്ട ഡെസ്റ്റിനേഷനായി മാറുന്നതായും മേഖലയിലുള്ളവര്‍.
ലക്ഷ്വറിക്ക് പ്രിയം
ലക്ഷ്വറി റൂം അന്വേഷിച്ചെത്തുന്നവരുടെ എണ്ണമാണ് കൂടുതലെന്ന് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കലുകള്‍ക്ക് ശേഷവും ബുക്കിംഗ് എത്താതിരുന്ന പല റിസോര്‍ട്ടുകളിലും ഇന്ന് റൂം ലഭ്യമല്ലാത്ത അവസ്ഥയായിട്ടുണ്ട്. വീക്കെന്‍ഡ് ദിവസങ്ങളിലാണ് ടൂറിസ്റ്റുകളുടെ ഒഴുക്ക്. ടൂറിസം രംഗത്ത് പുനര്‍ജന്മമാണെന്നാണ് പല റിസോര്‍ട്ട് ഓപ്പറേറ്റര്‍മാരും പറയുന്നത്. ഏജന്‍സികളുടെ അഭിപ്രായവും വിഭിന്നമല്ല. പൂള്‍ വില്ലകള്‍ക്കും ത്രീ സ്റ്റാര്‍ മുതലുള്ള റിസോര്‍ട്ടുകള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡെന്ന് അലോക് ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ആനന്ദ് പറയുന്നു, കേരളത്തിലെ പ്രധാന ഹോട്ടല്‍ ബുക്കിംഗ് ഏജന്‍സികളിലൊന്നാണ് ഇവരുടേത്.
കേരളത്തില്‍ മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് മൂന്നാറിലേക്കും ആലപ്പുഴയിലേക്കും ഏറ്റവും ബുക്കിംഗുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്വറി ആണെങ്കിലും ബജറ്റ് നോക്കാതെ ക്വാളിറ്റി ചെക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഹൗസ്‌ബോട്ടുകള്‍ക്കും കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലാണ് ട്രിപ്പ് നടത്തുന്നത്. 3500- 18000 രൂപ വരെയുള്ള റൂമുകളും പ്രൈവറ്റ് പൂള്‍ വില്ലാ റിസോര്‍ട്ടുകളുമാണ് അധികം വിറ്റുപോകുന്നത്.
ഇപ്പോള്‍ ഡയറക്റ്റ് കസ്റ്റമേഴ്‌സ് ആണ് കൂടുതലുമെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. ''ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയവിടങ്ങളില്‍ നിന്നും ധാരാളം ബുക്കിംഗ് എത്തുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ലക്ഷ്വറി ക്രൂയിസുകള്‍ക്ക് ബുക്കിംഗ് എത്തുന്നുണ്ട്.'' റോയല്‍ റിവര്‍ ക്രൂയിസ് എംഡി രാഹുല്‍ രമേഷ് പറയുന്നു. മേഖലയില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ആയിരക്കണക്കിനു ഹൗസ്‌ബോട്ടുകളിലായി മൂവായിരത്തോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായാണ് ഹൗസ്‌ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ലേബേഴ്‌സ് പറയുന്നത്.
'കോവിഡിന് ശേഷം കായലോര ടൂറിസം മേഖല 30-50 ശതമാനം വരെ വളര്‍ന്നിട്ടുണ്ട്. ബുക്കിംഗുകള്‍ പലതും രണ്ടോ അതിലധികമോ ദിവസത്തേക്കുമാണെന്നത് നേട്ടമാണ്. കോവിഡിന് ശേഷം ഡേ ക്രൂയിസുകളും ഫുഡ് ആന്‍ഡ് ഔട്ടിംഗും കൂടിയിരുന്നെങ്കിലും ലോ മാര്‍ജിനില്‍ ബിസിനസ് നടത്തേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി, തുക 20 ശതമാനം കൂട്ടിയാണ് പലരും സര്‍വീസ് നല്‍കുന്നതെങ്കിലും ലക്ഷ്വറി ടൂറിസം തേടി എത്തുന്നവര്‍ കൂടി'' ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ടോമി പുലിക്കാട്ടില്‍ പറയുന്നു.
ഉപഭോക്താക്കളും മാറി
ഏജന്‍സികളെ ഫ്‌ളൈറ്റ് ടിക്കറ്റിംഗ് സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും പാക്കേജുകളും സ്വയം തെരഞ്ഞെടുക്കാനുള്ള പ്രവണത കൂടിയിട്ടുണ്ടെന്ന് DDH ഹോസ്പിറ്റാലിറ്റിയുടെ സാരഥി ജൂലി പറയുന്നു. ഉപഭോക്താക്കള്‍ എത്ര പണം മുടക്കിയും യാത്ര ചെയ്യാമെന്ന മനോഭാവത്തിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ക്വാളിറ്റി ചെക്കും തെരഞ്ഞെടുപ്പുമെല്ലാം സ്വയം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പാക്കേജുകള്‍ക്ക് പകരം ഫാമിലി യാത്രകള്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയതും മേഖലയിലെ പുതിയ ട്രെന്‍ഡ് ആണ്.
Next Story
Videos