വ്യവസായ, ഐ.ടി പാര്‍ക്കുകളിലും മദ്യശാല

സ്പിരിറ്റ് ഉല്‍പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനും അടഞ്ഞു കിടക്കുന്ന 250 വിദേശമദ്യ ശാലകള്‍ തുറക്കുന്നതിനും ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നല്‍കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ബാര്‍ ലൈസന്‍സ് ഫീസും കൂട്ടും. ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും നീണ്ടുപോയത്.

250 ചില്ലറ മദ്യ വില്‍പന ശാലകള്‍ തുറക്കും

സംസ്ഥാനത്ത് നിലവില്‍ 309 ചില്ലറ മദ്യ വില്‍പന ഷോപ്പുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അടഞ്ഞു കിടക്കുന്ന 250 ചില്ലറ മദ്യ വില്‍പന ശാലകളാണ് തുറക്കാന്‍ പോകുന്നത്. 559 വിദേശ മദ്യ ചില്ലറ വില്‍പന ശാലകള്‍ക്കാണ് അനുമതിയുള്ളതെന്നാണ് ഇതില്‍ സര്‍ക്കാര്‍ വാദം.

ഐ.ടി പാര്‍ക്കുകള്‍ക്കു പുറമേ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിനു ലൈസന്‍സ് അനുവദിക്കുന്നതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ.ടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിനു ചട്ടഭേദഗതി പുരോഗതിയിലാണെന്ന് മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

വിദേശ മദ്യവും ബിയറും സംസ്ഥാനത്ത് നിർമ്മിക്കും

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. 'കേരളാ ടോഡി' എന്ന പേരില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും. ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും വിനോദ സഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും അതതു സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉല്‍പാദിപ്പിച്ച് അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. സീമെന്‍, മറൈന്‍ ഓഫിസേഴ്‌സ് എന്നിവര്‍ക്കുള്ള ക്ലബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഫീസ് 50,000ല്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

മലബാർ ബ്രാണ്ടി ഈ വർഷം

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് കയറ്റി അയക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റില്ലറിയിലെ (മലബാര്‍ ബ്രാണ്ടി) മദ്യ ഉല്‍പാദനം ഈ വര്‍ഷം ആരംഭിക്കും. ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മദ്യ വില്‍പന 2.4 ശതമാനം കൂടിയതായും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Related Articles
Next Story
Videos
Share it