വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കുള്ള 500കോടി വായ്പ;അർഹത ആർക്കൊക്കെ?അറിയാം!

വ്യവസായ എസ്റ്റേറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായങ്ങളെ (എംഎസ്എംഇ) സഹായിക്കുന്നതിനുള്ള 'സപ്പോര്‍ട്ട് എംഎസ്എംഇ' പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) വഴി 500കോടി രൂപ വായ്പ അനുവദിച്ചത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ധനകാര്യ വകുപ്പ്മന്ത്രി ജൂലൈ 30ന് 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ വായ്പാ പദ്ധതി.
ആര്‍ക്കൊക്കെ? എങ്ങനെയൊക്കെ?
ഉല്‍പ്പാദന - സേവന മേഖലകളിലെ സംരംഭകര്‍ക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങുവാനും നിലവിലുള്ള യൂണിറ്റുകള്‍ വിപുലീകരിക്കാനും വായ്പ അനുവദിക്കും. ഇതിന് വേണ്ടി ദീര്‍ഘകാല വായ്പകള്‍, ഹ്രസ്വകാല വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതി വഴി നല്‍കും.
കമ്പനികള്‍ക്ക് 20 കോടിയും, proprietor, partnership എന്നിവയ്ക്ക് 8 കോടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീര്‍ഘകാല വായ്പകള്‍ക്ക് പ്രോജക്റ്റ് തുകയുടെ 66% വായ്പ ലഭിക്കുകയും ബാക്കി 34% പ്രൊമോട്ടര്‍മാര്‍ കൊണ്ട് വരേണ്ടതുമാണ്.
എന്നാല്‍ പ്രോജക്റ്റ് തുകയില്‍ ലാന്‍ഡ് കോസ്റ്റ് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ 75% വരെ വായ്പ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രോജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പയ്ക്കുള്ള അര്‍ഹത.
പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കില്‍ ഹയര്‍ പര്‍ച്ചേസ് ഒഴികെയുള്ള ലോണുകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല. ഇതിന് പുറമെ 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് സിജിടിഎംസി സൗകര്യവും നല്‍കും.
പദ്ധതിയുടെ പൂര്‍ണരൂപം www.kfc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സംരംഭകര്‍ക്ക് ഈ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it