പുതു തലമുറ വസ്ത്രങ്ങളുമായി ഓണം ഖാദി മേളകള്‍; 30% കിഴിവ്

ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഖാദി മേഖല. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം മേളകള്‍ക്ക് ഇന്ന് തുടക്കമായി. 80 കോടി രൂപയുടെ വിറ്റുവരവാണ് ഓണക്കാലത്ത് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.

മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറ ഖാദി വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കിയാണ് ഖാദി ബോര്‍ഡ് ഓണത്തെ വരവേല്‍ക്കുന്നത്. 'പാപ്പിലിയോ' ബ്രാന്‍ഡില്‍ ചുരിദാര്‍ ടോപ്പുകള്‍, ഷര്‍ട്ടുകള്‍, കുഞ്ഞുടുപ്പുകള്‍, ജുബ്ബകള്‍ എന്നിവ ഖാദി ഷോറൂമുകളില്‍ അണിനിരന്നു കഴിഞ്ഞു. കോട്ടണ്‍ ഖാദി, ഖാദി പോളി വസ്ത്ര തുടങ്ങിയ വിവിധ നൂലുകളിലാണ് വസ്ത്രങ്ങള്‍ നെയ്‌തെടുത്തിരിക്കുന്നത്. എറണാകുളം കുന്നുകരയില്‍ ആരംഭിച്ച റെഡിമെയ്ഡ് യൂണിറ്റിലാണ് വസ്ത്ര നിര്‍മാണം. ഇതുകൂടാതെ ആദ്യമായി ഖാദി കസവ് സാരികളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
റിബേറ്റും സമ്മാനവും
പതിവുപോലെ ഇത്തവണയും ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ റിബേറ്റും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഓണം ഖാദി മേളയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ടാറ്റ ടിയാഗോ ഇലക്ട്രിക് കാറാണ്. രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവന്‍ വീതവും നല്‍കും.
ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തിലധികവും ഓണക്കാലത്ത് നേടാനാകുമെന്നാണ് ഖാദിബോര്‍ഡിന്റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 60 കോടിക്കു മുകളിലായിരുന്നു വില്‍പ്പന. ഈ സാമ്പത്തിക വര്‍ഷം അത് 150 കോടിയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങളെന്ന് ഖാദി ബോര്‍ഡ് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
ഖാദി പഴയ ഖാദിയല്ല
പുതുതലമുറ ഖാദി റെഡിമേഡ് വസ്ത്രങ്ങളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിന് ഓഗസ്റ്റ് 22ന് എറണാകുളത്ത് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നതിന് ഖാദി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കീഴിലെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്റെ (KBIP) ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ഷന്‍ ടെക്‌നോളജി കേരളയുമായി ചേര്‍ന്നാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.

വിവാഹ വസ്ത്രങ്ങള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കുമുള്ള കോട്ടുകള്‍. പാന്‍സിന്റെ തുണി, ഓട്ടോറിക്ഷ തൊഴിലാളികളുടെ യൂണിഫോം, വെസ്റ്റേണ്‍ വെയേഴ്‌സ്, പാര്‍ട്ടി വെയര്‍, ക്യാഷ്വല്‍ വെയേഴ്‌സ്, ഓഫീസ് വെയേഴ്‌സ് എന്നിവയും ഖാദി പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക് സിറ്റി ബോര്‍ഡ് തൊഴിലാളികള്‍ക്കുള്ള യൂണിഫോം നെയ്യുന്നതിനുള്ള നടപടിയും എടുത്തുവരികയാണ്.

വിദേശ വിപണിയിലും ആവശ്യക്കാര്‍

പുതിയ ഫാഷനിലും ആകര്‍ഷകവുമായ ഖാദി വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കിയത്തിന്റെ ഫലമായി വിദേശരാജ്യങ്ങളിലും ഖാദി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ടെന്ന് ഖാദി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ദുബായിലും ഇറ്റലിയിലും ഖാദി വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ച നടക്കുകയാണ്. ഇറ്റലിയിലെ പ്രതിനിധി ആലപ്പുഴ റെഡിമേഡ് യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു.
നവീകരണ പാതയില്‍
കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് ഖാദി ഷോറൂമുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം വഞ്ചിയൂരില്‍ ആരംഭിച്ച ഷോറൂമില്‍ ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് വസ്ത്രം തുന്നി നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ അലക്കി കൊടുക്കുന്നതിനുള്ള സംവിധാനവും ഇവിടിയുണ്ട്. എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളിലും ഷോറൂം നവീകരണം നടന്നു വരുന്നു. മറ്റ് ജില്ലകളിലും ഇതേ രീതിയില്‍ ഷോറൂമുകള്‍ നവീകരിക്കും.
നിലവില്‍ ഖാദി ബോര്‍ഡിന് 200ലധികം ഷോറൂമുകള്‍ ഉണ്ട്. കൂടാതെ സഞ്ചരിക്കുന്ന വില്‍പ്പന ശാലയും ഫ്‌ളിപ്കാര്‍ട്ട് വഴി ഓണ്‍ലൈന്‍ വില്‍പ്പനയും നടത്തുന്നു. ഓഫീസുകള്‍ കേന്ദ്രീകരിച്ച് മേളകളും സംഘടിപ്പിക്കുന്നുണ്ട്. സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് 'ഖാദി കോര്‍ണര്‍' എന്ന പേരില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചിറ്റാട്ട്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യത്തെ ഷോറൂം ഓഗസ്റ്റ് എട്ടിന് ഉദ്ഘാടനം ചെയ്യും. വ്യാജന്‍മാരില്‍ നിന്നുള്ള വെല്ലുവിളിയാണ് ഖാദിക്ക് പ്രതിസന്ധിയാകുന്നത്. ഇതിനൊരു പരിഹാരമായി കേരള ഖാദി എന്ന ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it