500 കോടിയുടെ കിച്ചണ്‍ അപ്ലെയ്ന്‍സസ് ബിസിനസ്, സണ്‍ഫ്‌ളെയിം സ്വതന്ത്രമായി തുടരും: വി-ഗാര്‍ഡ്
കിച്ചണ്‍ അപ്ലെയ്ന്‍സസ് ബിസിനസ് 500 കോടിയുടേതാവുമെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ( V Guard Industries Ltd) എംഡി മിഥുന്‍ ചിറ്റിലപ്പിള്ളി. ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിമിനെ ഏറ്റെടുക്കുന്നതോടെയാണ് മേഖലയിലെ ബിസിനസ് ഉയരുന്നത്. 140 കോടി രൂപയാണ് കിച്ചണ്‍ അപ്ലെയ്ന്‍സസില്‍ നിന്നുള്ള വിഗാര്‍ഡിന്റെ വരുമാനം. സണ്‍ഫ്‌ളെയിമിന്റേത് 350 കോടിയും.
സണ്‍ഫ്‌ളെയിമിനെ 660 കോടി രൂപയ്ക്ക് സ്വന്തമാക്കുന്ന വിവരം വിഗാര്‍ഡ് പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. ഏറ്റെടുപ്പിനായി 400 കോടിയോളം രൂപ കമ്പനി സമാഹരിക്കും. 2023 ജനുവരിയിലായിരിക്കും ഇടപാടുകള്‍ പൂര്‍ത്തിയാവുക. നിലവിലെ സാഹചര്യത്തില്‍ സണ്‍ഫ്‌ളെയിം വിഗാര്‍ഡിന് കീഴില്‍ സ്വതന്ത്ര ബ്രാന്‍ഡായി തുടരും. വിഗാര്‍ഡിനും സണ്‍ഫ്‌ളെയിമിനും വേണ്ട ബ്രാന്‍ഡിംഗ് തന്ത്രങ്ങളും കമ്പനി ആവിഷ്‌കരിക്കും.
ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഫ്‌ളെയിമിലെ ജീവനക്കാരെയെല്ലാം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും നിക്ഷേപകരുടെ യോഗത്തില്‍ മിഥുന്‍ ചിറ്റിലപ്പിള്ളി അറിയിച്ചു. 300-350 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഉത്തരേന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വിഗാര്‍ഡിനെ സണ്‍ഫ്ളെയിം ഇടപാട് സഹായിക്കും.
നിലവില്‍ 1.95 ശതമാനം ഉയര്‍ന്ന് 266.20 രൂപയിലാണ് വി-ഗാര്‍ഡ് ഓഹരികളുടെ വ്യാപാരം. ഈ വര്‍ഷം ഇതുവരെ 19 ശതമാനത്തോളം നേട്ടമാണ് വിഗാര്‍ഡ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.