കിംഗ്ഫിഷര്‍ ജീവനക്കാര്‍ക്ക് ഇത് ആശ്വാസത്തിന്റെ പുതുവര്‍ഷം, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ₹312 കോടിയുടെ കുടിശിക വിതരണത്തിന് ഇ.ഡിയുടെ പച്ചക്കൊടി!

ഏകദേശം ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശികയാണ് വിതരണം ചെയ്യുക
Vijay Mallya and Kingfisher Airlines
Vijay Mallya and Kingfisher Airlines
Published on

വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ (Kingfisher Airlines) മുന്‍ ജീവനക്കാരുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍. ഏകദേശം ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശികയിനത്തിലെ 311.67 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) അനുമതി നല്‍കി.

ചെന്നൈയിലെ ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ (DRT) ഡിസംബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം. പിടിച്ചെടുത്ത ആസ്തികള്‍ വിറ്റഴിച്ചതിലൂടെ ലഭിച്ച തുകയാണിപ്പോള്‍ ജീവനക്കാര്‍ക്കായി കൈമാറുന്നത്. പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങി നിരവധി മുന്‍ ജീവനക്കാര്‍ക്ക് ഈ നീക്കം വലിയ ആശ്വാസമാകും.

സ്വത്ത് കണ്ടുകെട്ടിയ വകയില്‍ നിന്ന്

വിജയ് മല്യയുടെയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. ഇ.ഡി അനുവദിച്ച തുക ഇനി ഓഫീഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് (Official Liquidator) കൈമാറും. അര്‍ഹരായ മുന്‍ ജീവനക്കാരെ കണ്ടെത്തി അവരുടെ അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കുന്നതിന് മുന്‍പ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

വിജയ് മല്യയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 5,042 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്. ഇതില്‍ 14,132 കോടി രൂപയുടെ ആസ്തികള്‍ നേരത്തെ എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ഇ.ഡി കൈമാറിയിരുന്നു.

ബിസിനസ് മോഡല്‍ പാളി

അപ്രായോഗികമായ ബിസിനസ് മോഡലും വന്‍തോതിലുള്ള കടബാധ്യതയും കാരണം 2012ലാണ് വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. വിലക്കുറവിന് മുന്‍ഗണന നല്‍കുന്ന ഒരു വിപണിയില്‍ അമിത ആഡംബരത്തിന് പ്രാധാന്യം നല്‍കിയതും, 2007-ല്‍ എയര്‍ ഡെക്കാന്‍ എന്ന ബജറ്റ് എയര്‍ലൈനിനെ ഏറ്റെടുത്തതിലൂടെ ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടവുമാണ് വീഴ്ചയ്ക്ക് ആക്കം കൂട്ടിയത്. പലിശയടക്കം 17,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് കമ്പനി വരുത്തിവെച്ചത്. തകര്‍ച്ചയ്ക്ക് പിന്നാലെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ 2016-ല്‍ വിജയ് മല്യ ലണ്ടനിലേക്ക് കടന്നു. നിലവില്‍ അവിടെ നിയമപോരാട്ടം തുടരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com