ഈ കേരള കമ്പനി ഓഹരി രണ്ടാം ദിവസവും അപ്പര്‍ സര്‍കീട്ടില്‍; നേട്ടമായി യു.എസ് കരാര്‍

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 100 കണ്ടെയ്‌നര്‍ വനാമി ചെമ്മീന്‍ കയറ്റുമതി ചെയ്യും
Kings Infra Logo and Shrimps
Image : kingsinfra.com and Canva
Published on

കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കമ്പനിയായ കിംഗ്സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 5 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തി. കയറ്റുമതിക്കായി അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതാണ് ഓഹരിവില ഉയര്‍ത്തിയത്. നിലവില്‍ 145.70 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 50 ശതമാനത്തോളം ഉയര്‍ച്ച നേടി. 342 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര.

പ്രതിമാസം 5-8 കണ്ടെയ്‌നറുകള്‍

യു.എസിലെ മുന്‍നിര ഇറക്കുമതി കമ്പനിയായ ഓഷ്യന്‍ വേള്‍ഡ് വെഞ്ചേഴ്‌സിനെ പ്രതിനിധീകരിക്കുന്ന ജെ.എച്ച് ആന്‍ഡ് കമ്പനിയുമായാണ് വനാമി ചെമ്മീനുകള്‍ (Individually Quick Frozen Peeled and Deveined Shrimp) കയറ്റുമതി നടത്താന്‍ കരാര്‍ ഒപ്പുവച്ചത്. പ്രതിമാസം 5-8 കണ്ടെയ്‌നര്‍  ചെമ്മീനുകള്‍ ആണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യുകയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കിംഗ്‌സ് ഇന്‍ഫ്ര ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 100 കണ്ടെയ്‌നര്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം.

യു.എസ് ബയര്‍മാരില്‍ നിന്നുള്ള കയറ്റുമതി ഓര്‍ഡറുകള്‍ നിറവേറ്റാന്‍ തമിഴ്നാട് തൂത്തുക്കുടിയിലെ ഫാക്ടറിയുടെ സംസ്‌കരണ ശേഷി വര്‍ദ്ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ചെമ്മീന്‍ കയറ്റുമതിയുടെ ഏറ്റവും വലിയ ആഗോള വിപണിയായ യു.എസില്‍ വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റീറ്റെയ്ല്‍ ഐ.ക്യു.എഫ് പാക്കിംഗില്‍ വരുന്ന ഉത്പന്നങ്ങളുടെ പ്രോസസിംഗ് ശേഷി ഉയര്‍ത്തുന്നത്. സ്വന്തം പ്രോസസിംഗ് യൂണിറ്റിലും ജെ.എച്ച് ആന്‍ഡ്  കമ്പനി അനുവദിച്ചിട്ടുള്ള, ഐ.ക്യു.എഫ് സംവിധാനങ്ങളുള്ള മറ്റ് ഫാക്ടറികളിലുമാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുക. ഇതിനായി ചില സംസ്‌കരണശാലകളുമായി സഹകരണകരാറില്‍ ഏര്‍പ്പെട്ടേക്കും. സ്വന്തം ഫാമില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകരില്‍ നിന്നുമാണ് കിംഗ്‌സ് ഇന്‍ഫ്രാ അസംസ്‌കൃത വസ്തുക്കള്‍ സമാഹരിക്കുന്നത്.

യു.എസിലേക്കുള്ള കയറ്റുമതി ആരംഭിക്കുന്നതോടെ കമ്പനിയുടെ ശേഷി വിനിയോഗം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി മെച്ചപ്പെടും. മൂല്യവര്‍ധിത ഉത്പന്നങ്ങളും കൂടി വരുന്നതോടെ ശേഷി വിനിയോഗം 10 ശതമാനം കൂടി ഉയര്‍ത്താനാവുമെന്നും ഇതുവഴി കമ്പനിയുടെ വളര്‍ച്ചയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

മറ്റ് വിദേശ വിപണികളിലും

ചൈനീസ് വിപണിക്കായി ഷാങ്ഹായിലെ ആര്‍.എസ്.എഫുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത കിംഗ്‌സ് റിഷിഫു ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പ്പാദനവും കയറ്റുമതിയും നടക്കുന്നു. യു.എസ് കൂടാതെ യൂറോപ്പ്, വിയറ്റ്‌നാം, ഗള്‍ഫ് രാജ്യങ്ങള്‍, തായ്‌ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കിംഗ്‌സ് ഇന്‍ഫ്രയുടെ സമുദ്രോത്പന്നങ്ങള്‍ക്ക് മികച്ച ഡിമാന്റുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം  കിംഗ്‌സ് ഇന്‍ഫ്രായുടെ വിറ്റുവരവ് 50 ശതമാനം വർധിച്ചിരുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com